50 പൈസക്ക് ടീ ഷര്‍ട്ട് ഓഫര്‍!, കടയില്‍ തിരക്കോട് തിരക്ക്; ഒടുവില്‍ പൊലീസ് ഇടപെട്ടു

By Web TeamFirst Published Oct 21, 2021, 9:43 PM IST
Highlights

 50 പൈസ കൗണ്ടറില്‍ കൊടുത്ത് ടീ ഷര്‍ട്ട് സ്വന്തമാക്കാമെന്നായിരുന്നു വാഗ്ദാനം. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെയായിരുന്നു ഓഫര്‍. എന്നാല്‍ 11ഓടെ തന്നെ കടയടച്ചു.
 

തിരുച്ചി: ഉദ്ഘാടന ദിവസം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കടയുടമ പ്രഖ്യാപിച്ച ഓഫര്‍ (Offer) കാരണം തുണിക്കടയില്‍ തിരക്കോട് തിരക്ക്. തമിഴ്‌നാട് തിരുച്ചിയിലാണ് (Trichy) സംഭവം. തിരക്ക് നിയന്ത്രിക്കാനാകാത്തതോടെ പൊലീസെത്തി (Police) കട അടപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കടയടപ്പിച്ചത്. 50 പൈസയുമായി (50 paise)എത്തുന്നവര്‍ക്ക് ടീ ഷര്‍ട്ട് (t-shirt) നല്‍കുമെന്നായിരുന്നു കടയുടമയുടെ ഓഫര്‍. കേട്ടവര്‍ കേട്ടവര്‍ കടയിലേക്ക് ഇരച്ചെത്തി. തുടര്‍ന്ന് തിരക്ക് അനിയന്ത്രിതമായതോടെ പൊലീസ് ഇടപെട്ട് കട അടപ്പിച്ചു. തിരക്കുകാരണം റോഡ് ബ്ലോക്കായി. 

ഹക്കീം മുഹമ്മദ് എന്നയാളാണ് തന്റെ പുതിയ കട വ്യാഴാഴ്ച തുറന്നത്. ഉദ്ഘാടന ദിവസം എല്ലാവരുടെയും ശ്രദ്ധ കിട്ടാനാണ് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചത്. ഉദ്ഘാടന ദിനം 50 പൈസയുടെ നാണയം കൊണ്ടുവരുമെന്ന് പരസ്യം നല്‍കിയിരുന്നെന്ന് കടയുടമ പറഞ്ഞു. മണപ്പാറായി ബസ് സ്റ്റാന്‍ഡില്‍ പരസ്യ ബോര്‍ഡ് സ്ഥാപിച്ചതിന് പുറമെ, വാട്‌സ് ആപ് ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചു. തുടര്‍ന്ന് നൂറുകണക്കിന് പേരാണ് കടക്കുമുന്നില്‍ തടിച്ചുകൂടിയത്.

''തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ചു. പക്ഷേ ആളുകള്‍ക്ക് കാത്തിരിക്കാന്‍ ക്ഷമയുണ്ടായിരുന്നില്ല. ആളുകള്‍ ഇരച്ചുകയറി. പ്രമോഷനുവേണ്ടി 1000 ടീഷര്‍ട്ടുകളാണ് തയ്യാറാക്കിയത്''-കടയുടമ പറഞ്ഞു. 50 പൈസ കൗണ്ടറില്‍ കൊടുത്ത് ടീ ഷര്‍ട്ട് സ്വന്തമാക്കാമെന്നായിരുന്നു വാഗ്ദാനം. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെയായിരുന്നു ഓഫര്‍. എന്നാല്‍ 11ഓടെ തന്നെ കടയടച്ചു. പിന്നീട് തിരക്കൊഴിഞ്ഞ് ഓഫര്‍ അവസാനിപ്പിച്ച് ഉച്ചക്ക് രണ്ടോടെയാണ് കട തുറന്നത്.
 

click me!