ജ്വല്ലറി ഷോറൂമിലെ മോഷണം തടയാൻ ശ്രമിച്ച ഉടമയെ വെടിവെച്ച് കൊന്നു; മോഷണ സംഘത്തെ പിന്തുടർന്ന നാട്ടുകാർ ഒരാളെ പിടികൂടി

Published : Jul 08, 2025, 12:21 PM IST
Jewellery showroom owner killed

Synopsis

നെഞ്ചിൽ രണ്ട് തവണ വെടിയേറ്റ ഉടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ തൊട്ടുപിന്നാലെ മോഷണ സംഘത്തെ പിന്തുടർന്നു.

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ ജ്വല്ലറി ഷോറൂമിൽ കവർച്ചാശ്രമത്തിനിടെ ആയുധധാരികളായ കവർച്ചക്കാർ ജ്വല്ലറി ഉടമയെ വെടിവെച്ച് കൊന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ് മറ്റൊരാൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സംഘത്തിലെ മൂന്ന് പേർ രക്ഷപ്പെട്ടെങ്കിലും, ഒരാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറിയതായി പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു.

ആയുധധാരികളായ നാല് മോഷ്ടാക്കൾ രാത്രി 8.30ഓടെയാണ് സൂറത്തിലെ ശ്രീനാഥ്ജി ജ്വല്ലേഴ്‌സ് ഷോറൂമിൽ അതിക്രമിച്ചുകയറിയത്. വിലപിടിപ്പുള്ള ആഭരണങ്ങളുമായി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സംഘത്തെ ഷോറൂം ഉടമ ആശിഷ് തടയാൻ ശ്രമിച്ചു. അപ്പോഴാണ് കവർച്ചാ സംഘം തിരികെ വെടിവെച്ചത്. നെഞ്ചിൽ രണ്ട് തവണ വെടിയേറ്റ ഉടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ തൊട്ടുപിന്നാലെ മോഷണ സംഘത്തെ പിന്തുടർന്നു. ഇതോടെ ഇവർ ജനക്കൂട്ടത്തിന് നേരെയും വെടിയുതിർത്തു. നാട്ടുകാരുടെ കൂട്ടത്തിലുണ്ടായിരുന്ന നസീം ഷെയ്ഖ് എന്നയാൾക്ക് കാലിൽ വെടിയേറ്റതായും പൊലീസ് അറിയിച്ചു.

സംഘത്തിലെ ഒരാളെ നാട്ടുകാർക്ക് പിന്തുടർന്ന് പിടികൂടാൻ കഴിഞ്ഞെങ്കിലും മറ്റ് മൂന്ന് പേർ രക്ഷപ്പെട്ടു. പിടികൂടിയ കവർച്ചക്കാരനെ നാട്ടുകാർ ക്രൂരമായി മർദ്ദിച്ചതിന് ശേഷമാണ് പൊലീസിന് കൈമാറിയതെന്നും, പ്രതി നിലവിൽ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. പ്രകോപിതരായ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാനായി മോഷ്ടാക്കൾ വിലപിടിപ്പുള്ള സാധനങ്ങൾ അടങ്ങിയ ഒരു ബാഗ് നാട്ടുകാർക്ക് നേരെ വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടു. ഈ ബാഗ് നാട്ടുകാർ വീണ്ടെടുത്ത് കടയുടമയുടെ കുടുംബത്തിന് തിരികെ നൽകി. മോഷ്ടാക്കൾ ഒരു ബാഗ് മാത്രമാണോ എടുത്തതെന്നും അതിൽ കൂടുതലുണ്ടായിരുന്നോ എന്നും ഇപ്പോഴും വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. പ്രതികളെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം