മയക്കുമരുന്ന് കേസ്; 'മലയാളിയായ ശ്രേയസ് നായര്‍ക്ക് ആര്യന്‍ ഖാനുമായി അടുത്ത ബന്ധം', ഒപ്പമിരുത്തി ചോദ്യംചെയ്യും

By Web TeamFirst Published Oct 5, 2021, 10:27 AM IST
Highlights

ലഹരി കടത്തുകാരനടക്കം രണ്ടുപേര്‍ കൂടി കേസിൽ ഇന്ന് അറസ്റ്റിലായെന്നും എന്‍സിബി പറഞ്ഞു. 
 

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ (Drug party case) പ്രതിയായ മലയാളി ശ്രേയസ് നായരെ ആര്യൻ ഖാൻ്റെ  (Aryan Khan) ഒപ്പമിരുത്തി ചോദ്യം ചെയ്യും. ശ്രേയസ് നായർക്ക് ആര്യൻ ഖാനുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൻസിബി പറഞ്ഞത്. സ്ഥിരമായി ഇയാൾ ലഹരി മരുന്ന് എത്തിച്ച് നൽകിയിരുന്നു. ഇടപാടുകൾക്ക് വാട്ട്സ് ആപ്പ് ചാറ്റിൽ കോഡ് ഭാഷ ഉപയോഗിച്ചു. ലഹരി കടത്തുകാരനടക്കം രണ്ടുപേര്‍ കൂടി കേസിൽ ഇന്ന് അറസ്റ്റിലായെന്നും എന്‍സിബി പറഞ്ഞു. 

കേസിൽ ആര്യൻ ഖാന്‍റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതികളെ വ്യാഴാഴ്ച വരെ എൻസിബി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ആര്യനും സംഘത്തിനും അന്താരാഷ്ട്രാ ലഹരിമരുന്ന് റാക്കറ്റുമായി വരെ ബന്ധമുണ്ടെന്നാണ് എൻസിബി കോടതിയിൽ പറഞ്ഞത്. ഒരാഴ്ച കൂടി ആര്യൻ ഖാനെയും കൂട്ടാളികളെയും കസ്റ്റഡിയിൽ വേണമെന്നാണ് എൻസിബി ആവശ്യപ്പെട്ടത്. വാട്‍സ് ആപ്പ് ചാറ്റുകൾ പരിശോധിച്ചതിൽ നിന്നും കഴിഞ്ഞ വർഷം ജൂലൈ മുതൽ അറസ്റ്റിലായവർക്ക് ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് വ്യക്തമായതായി അന്വേഷണ ഏജൻസി പറഞ്ഞു.വലിയ തോതിൽ ലഹരി മരുന്ന് വാങ്ങിയതിനും പണമിടപാട് നടത്തിയതിനും തെളിവുണ്ട്. ചാറ്റിൽ കോഡ് വാക്കുകളിൽ വിശേഷിപ്പിച്ചത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും എൻസിബി കോടതിയെ അറിയിച്ചു.

എന്നാല്‍ ആര്യന്‍റെ പക്കൽ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും കുറ്റങ്ങൾ നിലനിൽക്കില്ലെന്നും ആര്യൻ ഖാന്‍റെ അഭിഭാഷകന്‍ സതീശ് മാനേശിണ്ഡെ വാദിച്ചു. സുഹൃത്തായ അർബാസ് മർച്ചന്‍റിൽ നിന്ന് വെറും 6 ഗ്രാം ചരസ് പിടിച്ചെടുത്തതിന്‍റെ പേരിൽ ആര്യനെയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആര്യനിൽ നിന്നും ലഹരി വസ്തുക്കളൊന്നും പിടിച്ചെടുത്തിട്ടില്ല. ക്ഷണിതാവായി മാത്രമാണ് കപ്പൽ യാത്രയ്ക്ക് ആര്യനെത്തിയതെന്നും മാനേശിണ്ഡെ വാദിച്ചു.

click me!