
മുംബൈ: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ സുപ്രീം കോടതിയെ സമീപിച്ച് അറസ്റ്റിലായ പരിപാടി സംഘാടകൻ ശ്യാംകാനു മഹന്ത. കേസന്വേഷണം അസം പൊലീസിൽ നിന്ന് സിബിഐക്കോ എൻഐഎക്കോ വിടണമെന്ന് മഹന്ത ആവശ്യപ്പെട്ടു. കൂടാതെ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിരീക്ഷിക്കാനും മേൽനോട്ടം വഹിക്കാനും വിരമിച്ച സുപ്രീം കോടതി ജഡ്ജിയെ നിയമിക്കണമെന്നും ശ്യാംകാനു ഹർജിയിൽ ആവശ്യപ്പെട്ടു. താൻ മാധ്യമ വിചാരണയ്ക്ക് ഇരയാകുന്നുവെന്നും മാധ്യമ വാർത്തകൾ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും മഹന്ത കോടതിയിൽ പറഞ്ഞു. അറസ്റ്റിലായ ശ്യാംകാനു മഹന്തയ്ക്കും സുബീന്റെ മാനേജർ സിദ്ധാർഥ് ശർമ്മയ്ക്കുമെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
സുബീൻ ഗാർഗിന്റെ മരണത്തിൽ രണ്ട് പേരെ കൂടി അസം പൊലീസ് അറസ്റ്റ് ചെയ്തു. സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസാമി, ഗായകൻ അമൃത്പ്രഭ മഹന്ത എന്നിവരെയാണ് ചോദ്യം ചെയ്യലിന് ശേഷം അസം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഗാർഗിന്റെ മരണം നടക്കുന്ന സമയം ഇരുവരും കപ്പൽയാത്രയിൽ ഒപ്പമുണ്ടായിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാനേജർ സിദ്ധാർഥ് ശർമ്മ, സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്ത എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി. അന്വേഷണത്തിന്റെ ഭാഗമായി സുബീന്റെ ബാഗും മരുന്നുകളും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചതായാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam