സിദ്ദിഖ് കാപ്പന്‍റെ ജാമ്യം: ഇടക്കാല ഉത്തരവില്ല, യുപി സർക്കാരിനും പൊലീസിനും നോട്ടീസ്

Published : Nov 16, 2020, 01:07 PM ISTUpdated : Nov 16, 2020, 01:16 PM IST
സിദ്ദിഖ് കാപ്പന്‍റെ ജാമ്യം: ഇടക്കാല ഉത്തരവില്ല, യുപി സർക്കാരിനും പൊലീസിനും നോട്ടീസ്

Synopsis

എന്തുകൊണ്ട് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കുന്നില്ല എന്ന് സുപ്രീംകോടതി ചോദിച്ചു. പ്രത്യേകസാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ വരേണ്ടി വന്നതെന്ന് കപിൽ സിബൽ വ്യക്തമാക്കി. കേസ് ഇനി വെള്ളിയാഴ്ച.

ദില്ലി: ഹാഥ്റസിലെ ബലാത്സംഗകൊലപാതകക്കേസ് റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത കേസിൽ ജാമ്യം തേടിയുള്ള ഹർജിയിൽ യുപി സർക്കാരിനും പൊലീസിനും നോട്ടീസയച്ച് സുപ്രീംകോടതി. കേസിന്‍റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും, യുപി സർക്കാരിനും പൊലീസിനും എന്താണ് പറയാനുള്ളതെന്ന് കേട്ടിട്ട് തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കേസ് ഇനി വെള്ളിയാഴ്ച പരിഗണിക്കും.

പ്രമുഖ അഭിഭാഷകൻ കപിൽ സിബലാണ് സിദ്ദിഖ് കാപ്പന് വേണ്ടി കെയുഡബ്ല്യുജെ ദില്ലി ഘടകം നൽകിയ ഹർജിയിൽ ഹാജരായത്. എന്തുകൊണ്ട് ഹർജിക്കാർ ജാമ്യഹർജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്നാൽ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും, അഭിഭാഷകന് സിദ്ദിഖിനെ കാണാൻ പോലും അനുമതി ലഭിക്കുന്നില്ലെന്നും കപിൽ സിബൽ കോടതിയെ അറിയിച്ചു. സിദ്ദിഖ് കാപ്പനെ കാണാതെ ജാമ്യഹർജി നൽകുന്നതെങ്ങനെയെന്നും കപിൽ സിബൽ ചോദിച്ചു. തുടർന്ന് കാപ്പൻ ഇപ്പോൾ ഏത് ജയിലിലാണുള്ളതെന്ന് കോടതി ചോദിച്ചു. മഥുര ജയിലിലാണുള്ളതെന്ന് സിബൽ അറിയിച്ചു. 

ഈ സാഹചര്യത്തിലാണ്, ഉത്തർപ്രദേശ് സർക്കാരിനും പൊലീസിനും സുപ്രീംകോടതി നോട്ടീസയച്ചത്. അവർക്ക് പറയാനുള്ളതെന്തെന്ന് കേട്ട ശേഷം കേസിൽ തീരുമാനമെടുക്കാമെന്നും, കോടതി വ്യക്തമാക്കി. കേസിന്‍റെ മെറിറ്റിൽ ഇപ്പോൾ ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചു. 

റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്ക് മനുഷ്യാവകാശം ചൂണ്ടിക്കാട്ടി ഉടൻ ജാമ്യം നൽകിയ, നടപടി ചൂണ്ടിക്കാട്ടി സമാനമായ അവകാശം സിദ്ദിഖ് കാപ്പനുമുണ്ടെന്ന് വാദിച്ചാണ് കെയുഡബ്ല്യുജെ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകനെ അനുവദിക്കണം, കെയുഡബ്ല്യുജെ പ്രതിനിധികൾക്ക് കാപ്പനെ കാണാൻ അനുമതി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

42 ദിവസമായി സിദ്ദിഖ് കാപ്പൻ ജയിലിൽ കഴിയുകയാണ്. കൃത്യമായ തെളിവുകളില്ലാതെയാണ് കാപ്പന് മേൽ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയത്. ബോധപൂർവം കേസിൽ കാപ്പനെ പ്രതിയാക്കുകയായിരുന്നു. കാപ്പൻ ഹാഥ്റസിൽ പോയത് വാർത്ത റിപ്പോർട്ട് ചെയ്യാനാണ്. കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന ആരോപണം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ