കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി; ബിജെപിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്,വിമത എംഎല്‍എമാര്‍ക്കെതിരെ നടപടി

By Web TeamFirst Published Jul 9, 2019, 12:43 PM IST
Highlights

"എംഎല്‍എമാര്‍ രാജിവെക്കാന്‍ നിരത്തിയ കാരണങ്ങള്‍ ആത്മാര്‍ത്ഥമല്ല. തീരുമാനം സ്വമേധയാ ഉള്ളതല്ല.  പണവും അധികാരവും ഉപയോഗിച്ച് സര്‍ക്കാരിനെ താഴെയിടാന്‍ ബിജെപി ശ്രമിക്കുകയാണ്." 

ബംഗളൂരു: കര്‍ണാടകത്തില്‍ വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ നിയമസഭാ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കി. രാജി പിന്‍വലിച്ച് തിരിച്ചുവരാന്‍ ഇപ്പോഴും വിമതരോട് ആവശ്യപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. 

കോണ്‍ഗ്രസിന്‍റെ നിയമസഭാ കക്ഷിയോഗത്തില്‍ 18 എംഎല്‍എമാര്‍ പങ്കെടുത്തില്ല. ഇതില്‍ പത്ത് പേര്‍ രാജിവച്ചവരാണ്. പങ്കെടുക്കാത്തവരില്‍ ആറ് പേര്‍ മാത്രമാണ് വിശദീകരണം നല്‍കിയത്. രാജിവച്ചവര്‍ക്കെതിരെ അയോഗ്യത നടപടിക്ക് ശുപാര്‍ശ ചെയ്തതായാണ് സിദ്ധരാമയ്യ മാധ്യമങ്ങളെ അറിയിച്ചത്. രാജി പിന്‍വലിക്കാന്‍ എംഎല്‍എമാര്‍ തയ്യാറാകണം. നടപടിക്രമങ്ങള്‍ പാലിച്ചല്ല ഇവരാരും രാജി വച്ചിരിക്കുന്നത്. അയോഗ്യരാക്കിയാല്‍ എംഎല്‍എമാര്‍ക്ക് മന്ത്രിപദവി ഉള്‍പ്പടെ പിന്നീട് വഹിക്കാനാവില്ലെന്നും സിദ്ധരാമയ്യ മുന്നറിയിപ്പ് നല്‍കി. 

എംഎല്‍എമാര്‍ രാജിവെക്കാന്‍ നിരത്തിയ കാരണങ്ങള്‍ ആത്മാര്‍ത്ഥമല്ലെന്നും തീരുമാനം സ്വമേധയാ ഉള്ളതല്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. പണവും അധികാരവും ഉപയോഗിച്ച് സര്‍ക്കാരിനെ താഴെയിടാന്‍ ബിജെപി ശ്രമിക്കുകയാണ്. ഇതിന് വേണ്ടി ബിജെപി ഒഴുക്കുന്ന കോടിക്കണക്കിന് പണം എവിടെനിന്നാണെന്ന് ചിന്തിക്കണം. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ ആണ് അന്തിമതീരുമാനം എടുക്കേണ്ടത്. ഉചിതമായ തീരുമാനം പ്രതീക്ഷിക്കുന്നതായും സിദ്ധരാമയ്യ പറഞ്ഞു.

വിധാന്‍സൗധയിലെ ഗാന്ധിപ്രതിമക്ക് മുമ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ധര്‍ണ നടത്തും. തുടര്‍ന്ന് സ്പീക്കറെ കാണും. കളി തീര്‍ന്നിട്ടില്ലെന്നാണ് സംസ്ഥാന ആഭ്യന്തരമന്ത്രി എം ബി പാട്ടീല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ബിജെപിയെക്കാള്‍ സ്മാര്‍ട്ടാണ് തങ്ങളെന്ന് തെളിയിക്കുമെന്നും പാട്ടീല്‍ അഭിപ്രായപ്പെട്ടു. 

click me!