അനുനയനീക്കത്തില്‍ പരാജയപ്പെട്ട് കോണ്‍ഗ്രസ്;കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി

Published : Jul 09, 2019, 11:40 AM ISTUpdated : Dec 09, 2019, 03:34 PM IST
അനുനയനീക്കത്തില്‍ പരാജയപ്പെട്ട് കോണ്‍ഗ്രസ്;കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി

Synopsis

രാജി വച്ച 10 എംഎല്‍എമാര്‍ക്ക് പുറമേ വിമതപക്ഷത്തോട് അടുപ്പം പുലര്‍ത്തിയ നാല് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസിന്‍റെ നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കുന്നില്ല. അതേസമയം, കര്‍ണാടകയില്‍ അടുത്തയാഴ്ച സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി പ്രത്യാശ പ്രകടിപ്പിച്ചു.

ബെംഗളൂരു: വിമതരെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍. രാജി വച്ച 10 എംഎല്‍എമാര്‍ക്ക് പുറമേ വിമതപക്ഷത്തോട് അടുപ്പം പുലര്‍ത്തിയ നാല് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസിന്‍റെ നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കുന്നില്ല. ഇതിലൊരാള്‍ മന്ത്രിയുമാണ്. അതേസമയം, കര്‍ണാടകയില്‍ അടുത്തയാഴ്ച സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി പ്രത്യാശ പ്രകടിപ്പിച്ചു. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം അറിഞ്ഞശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

മന്ത്രിസ്ഥാനം ഉള്‍പ്പടെ നല്‍കാമെന്ന് പറഞ്ഞിട്ടും വിമതപക്ഷം അനുനയത്തിന് തയ്യാറാവാത്ത സാഹചര്യത്തില്‍ രാജിവച്ച എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് സ്പീക്കറോട് ശുപാര്‍ശ ചെയ്യുക മാത്രമാണ് ഭരണപക്ഷത്തിന് മുമ്പിലുള്ള ഏക വഴി. എംഎല്‍എമാരുടെ രാജി സ്വീകരിക്കാതെ, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അനുകൂലമായ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ തയ്യാറാവുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയലോകം. ഭരണഘടന ചട്ടപ്രകാരം മാത്രമേ താന്‍ തീരുമാനമെടുക്കൂ എന്നും ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ തനിക്ക് പങ്കില്ലെന്നുമാണ് സ്പീക്കര്‍ കെ ആര്‍ രമേഷ്കുമാറിന്‍റെ നിലപാട്.

അതേസമയം, കര്‍ണാടകയില്‍ ഭരണത്തിലേറാനുള്ള അണിയറനീക്കങ്ങള്‍ ബിജെപി ആരംഭിച്ചുകഴിഞ്ഞതായാണ് സൂചന. എംഎല്‍എമാരുടെ രാജിയില്‍ തങ്ങള്‍ക്ക് പങ്കൊന്നുമില്ലെന്നാണ് ബിജെപി ആവര്‍ത്തിച്ചു പറയുന്നത്. എന്നാല്‍, അടുത്ത ആഴ്ചയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്ന പ്രത്യാശയും ബിജെപി വൃത്തങ്ങള്‍ പങ്കുവെക്കുന്നുണ്ട്. തങ്ങള്‍ക്ക് 107 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും സ്പീക്കറുടെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നുമാണ് ബിജെപി നേതാവ് ശോഭ കരന്തലജെ പ്രതികരിച്ചത്. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

ഇപ്പോഴത്തെ രാഷ്ട്രീയനീക്കങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ബിജെപി വാദം അംഗീകരിക്കാന്‍ കോണ്‍ഗ്രസോ ജെഡിഎസോ തയ്യാറായിട്ടില്ല. രാജ്നാഥ് സിംഗ് പറയുന്നത് തങ്ങള്‍ക്ക് ആശങ്കയില്ല, താല്പര്യമില്ല, ഇപ്പോഴത്തെ രാഷ്ര്ടീയസാഹചര്യങ്ങളെക്കുറിച്ച് അറിയില്ല എന്നൊക്കെയാണ്. ബി എസ് യെദ്യൂരപ്പയും ഇതു തന്നെ ആവര്‍ത്തിക്കുന്നു. പക്ഷേ, അദ്ദേഹം ഞങ്ങളുടെ മന്ത്രിമാരെ ചാക്കിട്ടുപിടിക്കാന്‍ തന്‍റെ പ്രൈവറ്റ് സെക്രട്ടറിയെ അയക്കുകയും ചെയ്യുന്നു എന്നാണ് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ ആരോപിച്ചത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി