
ലുധിയാന: രണ്ടാമത്തെ കുഞ്ഞ് പിറന്നതിന് പിന്നാലെ പഞ്ചാബ് സർക്കാർ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കൊല ചെയ്യപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ പിതാവ്. മാർച്ച് 17നാണ് സിദ്ധു മൂസാവാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് സിദ്ധുവിന് സഹോദരൻ പിറന്നത്. ഏകമകൻ കൊല ചെയ്യപ്പെട്ട് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ബാൽകൗർ സിംഗിനും ചരൺ കൌറിനും രണ്ടാമതൊരു കുഞ്ഞ് പിറക്കുന്നത്. ദൈവത്തിന്റെ അനുഗ്രഹത്താൽ തങ്ങളുടെ മകനെ തിരികെ ലഭിച്ചു. എന്നാൽ പഞ്ചാബ് സർക്കാർ രാവിലെ മുതൽ തന്നെ അപമാനിക്കുകയാണ്യ കുഞ്ഞിന്റെ രേഖക നൽകണമെന്നും. കുഞ്ഞ് നിയമപരമായുള്ളതാണോയെന്നാണ് സർക്കാർ ചോദ്യമെന്നുമാണ് ചൊവ്വാഴ്ച ബാൽകൗർ സിംഗ് സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചത്.
ഐവിഎഫ് മാർഗത്തിലൂടെയായിരുന്നു 58ാം വയസിൽ ചരൺ കൌർ കുഞ്ഞിനെ ഗർഭം ധരിച്ചത്. 2021ൽ സർക്കാർ ഐവിഎഫ് നടപടികൾക്ക് പ്രായപരിധി ഏർപ്പെടുത്തി നിയമ നിർമ്മാണം നടത്തിയിരുന്നു. 21-50 വരെയുള്ള സ്ത്രീകൾക്കും 21-55 വരെയുള്ള പുരുഷന്മാർക്കുമാണ് ഐവിഎഫിലൂടെ കുഞ്ഞിനെ സ്വീകരിക്കാൻ നിയമപരമായി അനുമതിയുള്ളത്. ചികിത്സ പൂർത്തിയാക്കാൻ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ഭാഗവാന്ത് മന്നിനോട് ആവശ്യപ്പെടുന്നതെന്നും താൻ ഇവിടെ തന്നെയുള്ള ആളാണെന്നും ചികിത്സ പൂർണമാക്കിയ ശേഷം ചോദ്യം ചെയ്യലിനായി എത്താമെന്നുമാണ് ബാൽകൗർ സിംഗ് പ്രതികരിക്കുന്നത്. നിയമപരമായി തന്നെയാണ് ഐവിഎഫിന് പോയതെന്നും ബാൽകൗർ സിംഗ് പറയുന്നു. ചികിത്സാ നടപടികൾ പൂർത്തിയായ ശേഷം രേഖകൾ നൽകാമെന്നുമാണ് ബാൽകൗർ സിംഗ് സമൂഹമാധ്യമങ്ങളിലെ വീഡിയോ പ്രതികരണത്തിൽ വിശദമാക്കുന്നത്.
2022-ൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മാൻസയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട മൂസാവാല അതേ വർഷം മെയ് 29-നാണ് കൊല്ലപ്പെട്ടത്. ബാൽകൗർ സിങ്ങിന്റെയും ചരൺ കൗറിന്റെയും ഏകമകനായിരുന്നു കൊല്ലപ്പെട്ട സിദ്ധു മൂസാവാല. 2022 മെയ് 29 ന് മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വെച്ച് കാറിലെത്തിയ അക്രമികൾ അദ്ദേഹത്തെ വെടിവച്ചു കൊന്നത്. യുവാക്കൾക്കിടയിൽ ജനപ്രിയനായിരുന്നു മൂസാവാല. സ്വന്തം ഗാനങ്ങൾ എഴുതി പാടിയിരുന്നത് ഇദ്ദേഹം തന്നെയായിരുന്നു. ഏറ്റവും ധനികനായ പഞ്ചാബി ഗായകരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം