നാഥു ലാ പാസിൽ മഞ്ഞിടിഞ്ഞ് അപകടത്തില്‍പ്പെട്ടവര്‍ യാത്രാ നിരോധനം മറി കടന്നവരെന്ന് റിപ്പോര്‍ട്ട്

Published : Apr 05, 2023, 02:04 AM IST
നാഥു ലാ പാസിൽ മഞ്ഞിടിഞ്ഞ് അപകടത്തില്‍പ്പെട്ടവര്‍ യാത്രാ നിരോധനം മറി കടന്നവരെന്ന് റിപ്പോര്‍ട്ട്

Synopsis

ഗ്യാംഗ്ടോക്കിനെ നാഥു ല പാസുമായി ബന്ധിപ്പിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു റോഡിലാണ് മഞ്ഞിടിഞ്ഞത്.

ഗാംഗ്ടോക്ക്:  സിക്കിമിലെ നാഥു ലാ പാസിൽ മഞ്ഞിടിഞ്ഞ് ഏഴ് മരണം. പതിനൊന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മലയാളികളുൾപ്പടെ യാത്ര തുടരാനാകാതെ കുടുങ്ങിയ  നൂറിലധികം വിനോദ സഞ്ചാരികളെയും വാഹനങ്ങളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മഞ്ഞിടിച്ചിലില്‍ പെട്ടവര്‍ക്കായുള്ള  തെരച്ചിൽ താൽക്കാലികമായി നിർത്തിയെന്നും രണ്ടോ മൂന്നോപേരെ കൂടി കണ്ടെത്താനുണ്ടെന്നും സിക്കിം മുഖ്യമന്ത്രി പറഞ്ഞു.

നാഥു ലാ പാസിലെ പതിനാലാം മൈലിനടുത്ത് ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മഞ്ഞുമലയിടിഞ്ഞു വീണത്. മുപ്പതിനടുത്ത് പേർ മഞ്ഞിനടിയിൽ കുടുങ്ങിയതായാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കം എഴു പേർക്കാണ് ജീവൻ നഷ്ടമായത്. 15ൽ അധികം പേരെ മഞ്ഞ് നീക്കി പുറത്തെടുത്തു. ഇതിൽ സാരമായ പരിക്കു പറ്റിയ പതിനൊന്ന് പേരെ ഗാംങ്ടോകിലെ ആശുപത്രിയിലെത്തിച്ചു. കരസേനയുടെ ത്രിശക്തി വിഭാഗവും സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗ്യാംഗ്ടോക്കിനെ നാഥു ല പാസുമായി ബന്ധിപ്പിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു റോഡിലാണ് മഞ്ഞിടിഞ്ഞത്.

ഒന്നര മണിക്കൂറിന് മേലെ സമയം മഞ്ഞില്‍ കുടുങ്ങിയ സ്ത്രീ അടക്കമുള്ള വിനോദ സഞ്ചാരികളേയാണ് രക്ഷപ്പെടുത്തിയത്. വൈകുന്നേരം 3 മണിയായതോടെ 14 പേരെയാണ് കനത്ത മഞ്ഞിനടിയില്‍ നിന്ന് രക്ഷിച്ചത്. മഞ്ഞിടിച്ചിലിന് പിന്നാലെ മേഖലയില്‍ 350ഓളം വിനോദ സഞ്ചാരികളാണ് കുടുങ്ങിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ വിശദമാക്കുന്നത്. മഞ്ഞ് വീണ് ഗതാഗതം തടസപ്പെടുത്തിയ റോഡ് ബിആര്‍ഒ ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. 

കടുത്ത മഞ്ഞുവീഴ്ച്ച കാരണം നാഥു ലാ പാസിൻറെ പതിമൂന്നാം മൈലിന് ശേഷം യാത്ര നിരോധിച്ചിരുന്നു. ഇത് മറികടന്ന് യാത്ര ചെയ്തവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വിനോദ സഞ്ചാരികള്‍ക്ക് സൌജന്യ ചികിത്സ നല്‍കുമെന്ന് സിക്കിം മുഖ്യമന്ത്രി വിശദമാക്കി. നാളെയോടെ എത്ര പേര്‍ കുടുങ്ങിയെന്ന് വ്യക്തമാവുമെന്നാണ് മുഖ്യമന്ത്രി വിശദമാക്കുന്നത്.  വെള്ളിയാഴ്ച വരെ മേഖലയില്‍ മഴയും മഞ്ഞ് വീഴ്ചയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വിഭാഗം വിശദമാക്കുന്നത്. ചൊവ്വാഴ്ച മാത്രം 50 മില്ലിമീറ്റാര്‍ മഴയാണ് ഗാംഗ്ടോക്കില്‍ ലഭിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി