Latest Videos

വര്‍ഷം തോറും വിരിഞ്ഞിറങ്ങുന്നത് പതിനായിരക്കണക്കിന് കടലാമകള്‍, സീര്‍കാഴിയില്‍ ഇത്തവണ വിരിഞ്ഞത് 'ഒലിവ് റിഡ്‍ലി'

By Web TeamFirst Published Apr 5, 2023, 12:21 AM IST
Highlights

ഒലിവ് റിഡ്‍ലി, ഗ്രീൻ ടർട്ടിൽ, ഹാക്സ്ബിൽ എന്നീ ഇനങ്ങളിൽപ്പെട്ട കടലാമകളുടെ ഇന്ത്യൻ തീരത്തെ പ്രധാന പ്രജനന കേന്ദ്രങ്ങളിലൊന്നാണ് മയിലാടുതുറയിലെ സീർകാഴി.

മയിലാടുതുറൈ: തമിഴ്നാട് മയിലാടുതുറൈ സീർകാഴിയിലെ കടലാമ വളർത്തൽ കേന്ദ്രത്തിൽ വിരിഞ്ഞ ആയിരക്കണക്കിന് ആമക്കുഞ്ഞുങ്ങളെ കടലിൽ തുറന്നുവിട്ടു. അപൂർവയിനമായ ഒലിവ് റിഡ്‍ലി ഇനത്തിൽപ്പെട്ട ആമക്കുഞ്ഞുങ്ങളെയാണ് ഇക്കുറി വിരിയിച്ചിറക്കിയത്.

ഒലിവ് റിഡ്‍ലി, ഗ്രീൻ ടർട്ടിൽ, ഹാക്സ്ബിൽ എന്നീ ഇനങ്ങളിൽപ്പെട്ട കടലാമകളുടെ ഇന്ത്യൻ തീരത്തെ പ്രധാന പ്രജനന കേന്ദ്രങ്ങളിലൊന്നാണ് മയിലാടുതുറയിലെ സീർകാഴി. എല്ലാ വർഷവും ഡിസംബർ മുതൽ മാർച്ച് വരെ ഒലിവ് റിഡ്‍ലി ഇനത്തിൽപ്പെട്ട ആയിരക്കണക്കിന് കടലാമകൾ ഇവിടെ മുട്ടയിടാനെത്തും. തീരത്ത് കുഴികളുണ്ടാക്കി മണലിട്ടുമൂടി തള്ളയാമകൾ കടലിലേക്ക് മടങ്ങും. വെയിലേറ്റാണ് മുട്ട വിരിയുക. പക്ഷേ കീരിയും ഞണ്ടും മനുഷ്യരുമൊക്കെ കടലാമ മുട്ടകൾ ഭക്ഷണമാക്കുന്നത് മുമ്പ് പതിവായിരുന്നു. 

ഇവയെ സുരക്ഷിതമായി വിരിയിച്ചെടുക്കാനാണ് തമിഴ്നാട് വനംവകുപ്പ് സീർകാഴിയിൽ കടലാമ ഹാച്ചറി തുടങ്ങിയത്. മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടർട്ടിൽ വാക്കുകളിലൂടെയാണ് കടലാമ മുട്ടകൾ ശേഖരിക്കുക. കൂഴയാർ, തൊടുവായ്, വനഗിരി എന്നീ മൂന്ന് കേന്ദ്രങ്ങളിലായി പതിനായിരക്കണക്കിന് കടലാമക്കുഞ്ഞുങ്ങളാണ് വർഷം തോറും വിരിഞ്ഞിറങ്ങുന്നത്.

മയിലാടുതുറൈ ജില്ലാ കളക്ടർ മഹാഭാരതിയുടെ നേതൃത്വത്തിലാണ് കടലാമക്കുഞ്ഞുങ്ങളെ കടലിൽ തുറന്നുവിട്ടത്. ഈ വർഷം ഇതുവരെ പത്തൊൻപതിനായിരത്തിലേറെ കടലാമക്കുഞ്ഞുങ്ങളെയാണ് സീർകാഴിയിലെ ഹാച്ചറികളിൽ വിരിയിച്ചിറക്കി കടലിൽ വിട്ടത്. കടലിലേക്ക് പിച്ചവയ്ക്കുന്ന ഇവ വർഷങ്ങൾക്കിപ്പുറം ഇതേ തീരത്തേക്ക് മുട്ടയിടാൻ മടങ്ങിയെത്തും. സീർകാഴിയിലെ വനപാലകരും മത്സ്യത്തൊഴിലാളികളും കാത്തിരിക്കും. സുരക്ഷിതമായി അടുത്ത തലമുറയെ അടവച്ചിറക്കാൻ.

സമുദ്രങ്ങളില്‍ ചൂട് ഉയരുന്നതോടെ കടലാമകളുടെ കുഞ്ഞുങ്ങളില്‍ വിരിഞ്ഞ് പുറത്തിറങ്ങുന്നതില്‍ കുടുതലും പെണ്‍കുഞ്ഞുങ്ങളാണെന്നും ഇത് കടലാമകളുടെ വംശവര്‍ദ്ധനവിന് തടസം നില്‍ക്കുമെന്നും വംശനാശം തന്നെ സംഭവിച്ചേക്കാമെന്നും അടുത്തിടെ ഒരു പഠനം വിശദമാക്കിയിരുന്നു. റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് മുന്നറിയിപ്പ് നല്‍കുന്നത്. 

മത്സ്യബന്ധന വലയില്‍ കുടുങ്ങിയ ഒലിവ് റിഡ്‍ലി ഇനത്തില്‍പ്പെട്ട കടലാമയെ വല മുറിച്ച് രക്ഷപ്പെടുത്തി; വീഡിയോ

click me!