രാത്രിയിൽ സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മെഡിക്കൽ കോളേജിന്റെ വിവാദ ഉത്തരവ്, വിമർശനത്തിന് പിന്നാലെ റദ്ദാക്കി

Published : Aug 14, 2024, 02:01 PM ISTUpdated : Aug 14, 2024, 02:04 PM IST
രാത്രിയിൽ സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മെഡിക്കൽ കോളേജിന്റെ വിവാദ ഉത്തരവ്, വിമർശനത്തിന് പിന്നാലെ റദ്ദാക്കി

Synopsis

വനിതാ ഡോക്ടർമാരും വിദ്യാർത്ഥികളും ജീവനക്കാരും ക്യാമ്പസിൽ പൊതുവെ ഒറ്റപ്പെട്ടതും വെളിച്ചക്കുറവുള്ളതും ആളനക്കമില്ലാത്തതുമായ ഇടങ്ങളിലൂടെ നടക്കരുത്, രാത്രിയിൽ ഒറ്റയ്ക്കാവുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം, വിദ്യാർത്ഥിനികൾ രാത്രി സമയത്ത് ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കണണം എന്നതടക്കമുള്ളതായിരുന്നു ഉത്തരവിലെ നിർദ്ദേശങ്ങൾ

സിൽച്ചാർ: കൊൽക്കത്തയിലെ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടർ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടതിന് പിന്നാലെ അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജ് പുറത്തിറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചു. രാജ്യവ്യാപകമായി സമൂഹമാധ്യമങ്ങളിലും മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടേയും വിദ്യാർത്ഥികളുടേയും രൂക്ഷമായ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിക്കുന്നത്. അസം മുഖ്യമന്ത്രിയുടെ ഓഫീസാണ് ഉത്തരവ് റദ്ദാക്കിയതായി വിശദമാക്കിയത്. സിൽച്ചാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഭാസ്കർ ഗുപ്തയായിരുന്നു വിവാദ ഉത്തരവ് പുറത്തിറക്കിയത്. വനിതാ ജീവനക്കാരും മെഡിക്കൽ വിദ്യാർത്ഥിനികളും അസമയത്ത് ക്യാമ്പസിൽ തനിച്ച് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു വിവാദ ഉത്തരവ് ആവശ്യപ്പെട്ടത്. എന്തും ചെയ്യാൻ മടിയില്ലാത്തവരുടെ ശ്രദ്ധ ആകർഷിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. 

മെഡിക്കൽ കോളേജിന്‍റെ നിർദേശങ്ങൾ സ്ത്രീവിരുദ്ധമാണെന്നായിരുന്നു വ്യാപകമായി ഉയർന്ന വിമർശനം. അത് ചെയ്യണം, ഇത് ചെയ്യരുത് എന്നെല്ലാം സ്ത്രീകളെ ഉപദേശിക്കുന്നിന് പകരം സുരക്ഷ ഉറപ്പാക്കുകയാണ്  വേണ്ടതെന്നാണ് ഡോക്ടർമാർ ഉത്തരവിനെതിരെ പ്രതികരിച്ചത്. എന്നാൽ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിലെ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് നിർദേശങ്ങൾ നൽകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. വനിതാ ഡോക്ടർമാരും വിദ്യാർത്ഥികളും ജീവനക്കാരും പൊതുവെ ഒറ്റപ്പെട്ടതും വെളിച്ചക്കുറവുള്ളതും  ആളനക്കമില്ലാത്തതുമായ ഇടങ്ങളിലൂടെ നടക്കരുത് എന്നാണ് സർക്കുലറിൽ പറയുന്നത്.  രാത്രിയിൽ ഒറ്റയ്ക്കാവുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാർത്ഥിനികൾ രാത്രി സമയത്ത് ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കണണം. അത്യാവശ്യം വന്നാൽ അധികൃതരെ അറിയിച്ചതിന് ശേഷം മാത്രമേ പുറത്തിറങ്ങാവൂ എന്നും ഹോസ്റ്റൽ നിയമങ്ങൾ കൃത്യമായി പിന്തുടരണം. അജ്ഞാതരായ വ്യക്തികളുമായി കൂട്ടുകൂടരുതെന്നും ഉത്തരവ് ആവശ്യപ്പെട്ടിരുന്നു.

ഡ്യൂട്ടിയിലായിരിക്കുമ്പോൾ ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കണം. പൊതുജനങ്ങളുമായി ആദരവോടെ ഇടപഴകണം.  അങ്ങനെ എന്തും ചെയ്യാൻ മടിയില്ലാത്തവരുടെ ശ്രദ്ധ ആകർഷിക്കുന്നത് ഒഴിവാക്കാമെന്നും ഉത്തരവ് വ്യക്തമാവുന്നു.  വിദ്യാർത്ഥികളും വനിതാ ഡോക്ടർമാരും എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ആഭ്യന്തര കമ്മിറ്റികളെ അറിയിക്കണമെന്ന് ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയിലെ ഡോക്ടർമാരുടെയും വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും താൽപര്യം മുൻനിർത്തിയാണ് ഉത്തരവ് പുറത്തിറക്കിയതെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. 

കോളേജിലെ ജൂനിയർ ഡോക്‌ടേഴ്‌സ് അസോസിയേഷൻ സർക്കുലറിനെ അപലപിച്ച് രംഗത്തെത്തിയിരുന്നു. തങ്ങളോട് മുറിയിൽ അടച്ചിരിക്കാൻ പറയുന്നതിന് പകരം മെഡിക്കൽ കോളേജിൽ സുരക്ഷ വർദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. കാമ്പസിൽ മതിയായ വെളിച്ചം, ഡോക്ടർമാരുടെ മുറിയിൽ സുരക്ഷ, കൂടുതൽ സിസിടിവി ക്യാമറകൾ എന്നിവയാണ് ഉറപ്പാക്കേണ്ടതെന്ന് അവർ ആവശ്യപ്പെട്ടു.  'ഉപദേശം നൽകേണ്ടത് പുരുഷന്മാർക്കാണ്, സ്ത്രീകൾക്കല്ല', 'ലൈംഗികാതിക്രമം ഉണ്ടായാൽ അതിന് ഉത്തരവാദി സ്ത്രീ തന്നെയാണെന്ന് കുറ്റപ്പെടുത്തുന്ന വിധത്തിലാണ് ഈ സർക്കുലർ' എന്നെല്ലാം സോഷ്യൽ മീഡിയയിലും വിമർശനം ഉയർന്നതിന് പിന്നാലെയാണ് അസം മുഖ്യമന്ത്രിയുടെ നടപടിയെത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വർണവും ഡയമണ്ടും അടക്കം 10 കോടിയുടെ കവർച്ച, ഇനിയും തുമ്പില്ലാതെ പൊലീസ്, അന്വേഷണം ആന്ധ്രയിലേക്കും
പിണക്കം അവസാനിപ്പിച്ച് തിരികെ വരണമെന്ന ആവശ്യം തള്ളി; ഭാര്യയെ ഭര്‍ത്താവ് അടിച്ചു കൊന്നു, പ്രതി പിടിയിൽ