
ദില്ലി: രാജ്യത്ത് ഇന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം. മിഠായി, ബലൂൺ പോലുള്ള സാധനങ്ങളിലുള്ള പ്ലാസ്റ്റിക് കോലുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റ്, പിവിസി ബാനറുകൾ, പോളിസ്ട്രിന്‍ അലങ്കാര വസ്തുക്കൾ എന്നിവയ്ക്കാണ് നിരോധനം. നിരോധിച്ച സാധനങ്ങൾ ഉപയോഗിച്ചാൽ വ്യക്തികൾക്കും വീടുകൾക്കും പിഴ അഞ്ഞൂറ് രൂപയും സ്ഥാപനങ്ങൾക്ക് 5000 രൂപയുമാണ്. പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം 5 വർഷം തടവോ 1 ലക്ഷം രൂപ പിഴയോ ശിക്ഷയായി ലഭിക്കാം. ഇത്തരം വസ്തുക്കൾ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളുടെയും അനുമതി റദ്ദാക്കും.നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും ഉത്പാദനവും തടയാൻ പ്രത്യേക കണ്ട്രോൾ റൂമുകളും, എൻഫോഴ്സമെൻറ് സ്ക്വാഡുകളും രൂപീകരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചിരുന്നു.
വ്യാപാരികളുടെ പ്രതിഷേധം: വ്യാപാരികൾ പറയുന്നത്
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അരിക്കും ഭക്ഷ്യവസ്തുക്കൾക്കുമുള്ള ജി.എസ്.റ്റിക്കെതിരെയും ശാസ്ത്രീയമല്ലാത്തതും നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ളതുമായ പ്ലാസ്റ്റിക് നിരോധനത്തിനെതിരെയും, കേരള സർക്കാരിൻ്റെ അന്യായമായ വൈദ്യുതിച്ചാർജ്ജിനെതിരെയും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. ഇതിൻ്റെ ആരംഭം കുറിച്ച് കൊണ്ട് കേരളത്തിലെ 14 ജില്ലകളിലെയും കളക്ട്രേറ്റ് പടിക്കൽ ജൂലായ് 27 ന് സമരം നടത്തുമെന്നും സംസ്ഥാന കമ്മറ്റി അറിയിച്ചു.
മുമ്പ് ബ്രാൻഡ് ചെയ്തിട്ടുള്ള അരിക്കും ഭക്ഷ്യവസ്തുക്കൾക്കുമായിരുന്ന 5 % ജി.എസ്.റ്റി. ഉണ്ടായിരുന്നത്. ഇപ്പോൾ റീ പാക്ക് ചെയ്ത് വിൽക്കുന്ന അരി ഉൾപ്പെടെയുള്ള എല്ലാ ഭക്ഷ്യവസ്തുക്കൾക്കും പാൽ ഒഴികെയുള്ള പാലുൽപ്പന്നങ്ങൾക്കും സർക്കാർ 5 % ജി.എസ്.റ്റി. പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വർദ്ധനവുണ്ടാക്കും.
കുത്തക ഭീമന്മാരായ വൻകിട കമ്പനികളെ ഒഴിവാക്കിയാണ് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിട്ടുള്ളത്. വ്യാപാരികളെ ഉന്നം വെച്ച് മാത്രം നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനത്തിൻ്റെ പേരിൽ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി സാധനങ്ങൾ കേട് കൂടാതെ പാക്ക് ചെയ്ത് നൽകുന്ന കവറുകളുടെ പേരിലും മിഠായികളിലുള്ള പ്ലാസ്റ്റിക് സ്റ്റിക്കിൻ്റെ പേരിൽ പോലും കേസ്സെടുത്ത് വൻതുക ഫൈൻ ഈടാക്കി വരികയാണ്. എന്നാൽ സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള സപ്ളൈകോ, മിൽമ എന്നീ സ്ഥാപനങ്ങളിലൊന്നും പരിശോധനയുമില്ല പിഴ ഈടാക്കലുമില്ല. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കിറ്റുകൾ നിരോധിക്കേണ്ടത് തന്നെയാണ് എന്നാൽ ഭക്ഷ്യസാധനങ്ങൾ കേട് കൂടാതെ സൂക്ഷിക്കുന്ന പാക്കിംഗ് മെറ്റീരിയലുകളെ നിരോധനത്തിൽ നിന്നും ഒഴിവാക്കുകയോ പകരം സംവിധാനം ശരിയാക്കുന്നത് വരെ നിരോധനത്തിൽ ഇളവുകൾ ചെയ്യുകയോ വേണമെന്ന് ഏകോപന സമിതി ആവശ്യപ്പെടുകയാണ്. അത് വരെ കുത്തക ബ്രാൻഡഡ് കമ്പനികൾക്ക് അനുവദിച്ച ഇളവു് സാധാരണ വ്യാപാരിക്കും ലഭിക്കേണ്ടതല്ലേ.
കൂടാതെ മറ്റൊരു കാര്യം വൈദ്യുതച്ചാർജ്ജ് വർദ്ധനവാണ്. സർക്കാരിൻ്റെ കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം കെ.എസ്.ഇ.ബി. 1450 കോടി രൂപ ലാഭമുണ്ടാക്കി എന്നവകാശപ്പെടുമ്പോൾ തന്നെ വൈദ്യുതിച്ചാർജ്ജ് വർദ്ധിപ്പിച്ച നടപടിയെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. ഇതിനെല്ലാം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സർക്കാരിനെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും നിവേദനം നൽകിയിട്ടും അനുകൂല നടപടികൾ ഉണ്ടാവാത്ത സാഹചര്യത്തിലാണ് സംസ്ഥാന കമ്മറ്റി സമരമാർഗ്ഗവുമായ് മുന്നോട്ട് വരുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ആക്ടിംഗ് പ്രസിഡൻ്റ് പി. കുഞ്ഞാവു ഹാജി, ജനറൽ സെക്രട്ടറി രാജു അപ്സര, ട്രഷറർ ദേവസ്യാമേച്ചേരി എന്നിവർ ഒരു സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.