
ദില്ലി: നിപ വൈറസ് ബാധിതരെ ചികിത്സിച്ച് മരണപ്പെട്ട സിസ്റ്റർ ലിനിക്ക് മരണാന്തര ബഹുമതിയായി ഈ വർഷത്തെ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ്. ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ പ്രസിഡന്റ് രാംനാഥ് കോവിന്ദിൽ നിന്ന് അവാർഡ് സ്വീകരിച്ചു. നഴ്സിംഗ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അംഗീകാരമായി 1973 ൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ അവാർഡാണ് ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ്. പേരാമ്പ്ര ഇഎംഎസ് മെമ്മോറിയൽ ഹോസ്പിറ്റലിലെ നഴ്സായിരുന്നു ലിനി.
നിപ ബാധിതരെ ചികിത്സിച്ചതിനെ തുടർന്നാണ് ലിനി രോഗബാധിതയായത്. ആരോഗ്യനില വഷളായപ്പോൾ ലിനിയെ കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. മെയ് 21 നാണ് ലിനി മരിച്ചത്. കേരള സംസ്ഥാന സർക്കാരും ലിനിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. ലിനിയെക്കൂടാതെ 35 നഴ്സുമാർ കൂടി അവാർഡിന് അർഹരായിട്ടുണ്ട്. എല്ലാ അവാർഡ് ജേതാക്കളെയും ഞാൻ അഭിനന്ദിക്കുന്നു. ആരോഗ്യരക്ഷാ മേഖലയിൽ നഴ്സുമാർ വളരെ വലിയ സേവനമാണ് കാഴ്ച വയ്ക്കുന്നതെന്ന് പുരസ്കാരം സമ്മാനിച്ച് പ്രസിഡന്റ് രാംനാഥ് കോവിന്ദ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam