
ദില്ലി: ഏക സിവിൽ കോഡിനെ തള്ളി സി പി എം രംഗത്ത്. ഏക സിവിൽ കോഡിലൂടെ തുല്യത ഉണ്ടാവില്ലെന്ന് ദില്ലിയിൽ ചേർന്ന സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അതുകൊണ്ടുതന്നെ ഏക സിവിൽ കോഡിനെ അംഗികരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാറ്റ്നയിൽ ചേർന്ന വിശാല പ്രതിപക്ഷ യോഗത്തെക്കുറിച്ചുള്ള പ്രതീക്ഷകളും യെച്ചൂരി പങ്കുവച്ചു. തമ്മിൽ സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് പാറ്റ്നയിൽ തീരുമാനിച്ചത്. അത് എങ്ങനെ വേണം എന്നത് വരും യോഗങ്ങളിൽ തീരുമാനിക്കും. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യം ആണ് നിലവിലുള്ളത്. അത്തരം കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് സഹകരണം സംബന്ധിച്ചുള്ള തീരുമാനം സംസ്ഥാനങ്ങളിൽ എടുക്കണമന്നതാണ് സി പി എം ആവശ്യപ്പെട്ടതെന്നും യെച്ചൂരി വിവരിച്ചു.
അതേസമയം കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ അറസ്റ്റിലും യെച്ചൂരി പ്രതികരിച്ചു. അറസ്റ്റ് രാഷ്ടീയവുമായി ബന്ധമുള്ളതല്ലെന്നാണ് യെച്ചൂരി അഭിപ്രായപ്പെട്ടത്. പൊലീസിന്‍റെ നടപടികളിൽ പാർട്ടി ഇടപെടാറില്ലെന്നും അദ്ദേഹം വിവരിച്ചു. മാധ്യമ വേട്ട സംബന്ധിച്ച ചോദ്യങ്ങളോട്, മാധ്യമങ്ങളെ അടിച്ചമർത്തുന്നത് സി പി എം നയമല്ലെന്നാണ് സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടത്. കേന്ദ്രത്തിന്‍റെ രീതിയല്ല സി പി എമ്മിന്‍റേതെന്നും എത്ര പ്രകോപനമുണ്ടാക്കിയാലും മാധ്യമങ്ങളെ അടിച്ചമർത്തുന്ന രീതി സി പി എമ്മിൽ ഇല്ലെന്നും അദ്ദേഹം വിവരിച്ചു.
പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശന കാര്യത്തിലും സി പി എം ജനറൽ സെക്രട്ടറി അഭിപ്രായം രേഖപ്പെടുത്തി. ചൈനയെ ഒറ്റപ്പെടുത്താനാണ് അമേരിക്ക ഇന്ത്യയുമായി നയതന്ത്ര ബന്ധവും സൈനിക സഹകരണവും പുലർത്തുന്നതെന്നാണ് പി ബിയുടെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ബൈഡൻ സർക്കാർ ഉയർത്തിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam