
പട്ന: ബിഹാറിൽ പുക വലിച്ചെന്നാരോപിച്ച് വിദ്യാർഥിയെ അധ്യാപകർ മർദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി. ബജ്‌രംഗി കുമാർ എന്ന പത്താം ക്ലാസ് വിദ്യാർഥിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബീഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലാണ് സംഭവം. കൂട്ടുകാർക്കൊപ്പം പാലത്തിന് ചുവട്ടിലിരുന്ന് കുട്ടി പുകവലിച്ചെന്നാരോപിച്ചാണ് ബെൽറ്റുപയോഗിച്ച് അധ്യാപകർ കൂട്ടമായി പരസ്യമായി തല്ലിയത്. തന്റെ അമ്മയുടെ മൊബൈൽ ഫോൺ റിപ്പയറിംഗ് കടയിൽ നിന്ന് തിരികെ വാങ്ങി വരുകയായിരുന്നു കുട്ടി. ഇതിനിടെ ഹാർദിയ പാലത്തിനടിയിൽ സുഹൃത്തുക്കളോടൊപ്പം പുക വലിക്കുന്ന അധ്യാപകർ കണ്ടെന്ന് പറഞ്ഞു.
\മധുബൻ റൈസിംഗ് സ്റ്റാർ പ്രെപ്പ് സ്‌കൂൾ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥിയാണ് കുട്ടി. റസിഡൻഷ്യൽ സ്‌കൂളിന്റെ ചെയർമാൻ വിജയ് കുമാർ യാദവാണ് കുട്ടിയെ മർദ്ദിക്കുന്നതിന് നേതൃത്വം നൽകിയത്. ഇയാളാണ് കുട്ടി പുകവലിക്കുന്നത് കണ്ടത്. കുട്ടിയുടെ ബന്ധുവായ സ്‌കൂളിലെ ഒരു അധ്യാപികയും ചെയർമാനോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് ചെയർമാൻ കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തുകയും കുട്ടിയെ സ്‌കൂൾ കോമ്പൗണ്ടിലേക്ക് വലിച്ചിഴച്ച് മറ്റ് അധ്യാപകരോടൊപ്പം ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്ന് ബജ്‌റംഗിയുടെ അമ്മയും സഹോദരിയും ആരോപിച്ചു.
അടിയേറ്റ അബോധാവസ്ഥയിലായ കുട്ടിയെ മധുബനിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ എത്തിച്ചെങ്കിലും അവിടെനിന്ന് മുസാഫർപൂരിലേക്ക് റഫർ ചെയ്തു.ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. കഴുത്തിലും കൈകളിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. സ്വകാര്യ ഭാഗങ്ങളിലും രക്തസ്രാവമുണ്ടായിരുന്നെന്നും ഇവർ ആരോപിച്ചു. അതേസമയം, സ്‌കൂൾ ചെയർമാൻ കുടുംബത്തിന്റെ ആരോപണങ്ങൾ നിഷേധിച്ചു. കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നും പുകവലിച്ചത് വീട്ടുകാരറിയുമെന്ന് ഭയന്ന് വിഷം കഴിച്ചതാകാമെന്നും സ്കൂൾ അധികൃതർ പറഞ്ഞു. രണ്ട് മാസം മുമ്പാണ് ബജ്റംഗി സ്കൂളിലെ ഹോസ്റ്റലിൽ പ്രവേശനം നേടിയത്, വേനൽക്കാല അവധിക്ക് നാട്ടിലെത്തിയതായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും സ്‌കൂൾ സീൽ ചെയ്തതായും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam