
ദില്ലി: രാഷ്ട്രീയ ഇന്ത്യയെ സംബന്ധിച്ചടുത്തോളം വലിയൊരു വേർപാടിന്‍റെ ദിനമാണ് ഇന്ന്. സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ വലിയ ഞെട്ടലിലാണ് ഏവരും. രാഷ്ട്രീയ ഭേദമന്യേ ഏവരും യെച്ചൂരിയുടെ മരണത്തിലെ വേദന പങ്കുവച്ചും അദ്ദേഹത്തിന്‍റെ പോരാട്ടവീര്യം ഓർമ്മപ്പെടുത്തിയും രംഗത്തെത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥ അവസാനിച്ച ഘട്ടത്തിൽ ഇന്ദിരാഗാന്ധിയെ തടഞ്ഞുനിർത്തി കുറ്റപത്രം വായിച്ചുകേൾപ്പിച്ച യുവ നേതാവിന്‍റെ വീര്യമാണ് ഏവരും ഓർമ്മിച്ചെടുക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തെ ഇളക്കിമറിച്ച ചിത്രമായിരുന്നു അത്. കൈകെട്ടി നിൽക്കുന്ന ഇന്ദിരാ ഗാന്ധിയുടെയും അപ്പുറത്ത് നിന്ന് കുറ്റപത്രം വായിക്കുന്ന യെച്ചൂരിയുടെയും ചിത്രം പിറ്റേന്ന് എല്ലാ പത്രങ്ങളുടെയും തലക്കെട്ടിലടക്കം ഇടംപിടിച്ചിരുന്നു. അങ്ങനെയൊരു ചിത്രം അതിന് മുമ്പോ, ശേഷമോ രാഷ്ട്രീയ ഇന്ത്യ കണ്ടിട്ടില്ലെന്നതാണ് ചരിത്രത്തിൽ യെച്ചൂരിയുടെ പ്രസക്തിയേറ്റുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് സർവ പ്രതാപിയായിരുന്നു പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി. അഭിപ്രായ സ്വാതന്ത്ര്യവും പ്രതിഷേധങ്ങളുമെല്ലാം തോക്കിൻ മുനയിലടക്കം നിർത്തിയ കാലഘട്ടം. ഇന്ദിരയുടെ അടിയന്തരാവസ്ഥക്കെതിരെ ജെ എൻ യു ക്യാമ്പസിലടക്കം ഉയർന്നത് വലിയ പ്രതിഷേധമായിരുന്നു. രാജ്യതലസ്ഥാനത്ത് വിദ്യാർഥികളുടെ രോഷം ഇരമ്പിയപ്പോൾ അതിന് നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു അന്നത്തെ എസ് എഫ് ഐ നേതാവായിരുന്ന യെച്ചൂരി. അടിയന്തരാവസ്ഥ പിൻവലിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ഇന്ദിരയെ കാത്തിരുന്നത് കനത്ത തോൽവിയും തിരിച്ചടിയുമായിരുന്നു. പ്രധാനമന്ത്രി സ്ഥാനം നഷ്ടമായിട്ടും ജെ എൻ യുവിലെ ചാൻസലർ പദവി ഇന്ദിര ഒഴിഞ്ഞിരുന്നില്ല. ഇതോടെ യെച്ചൂരിയുടെ നേതൃത്വത്തിൽ ജെ എൻ യുവിൽ സമരം വീണ്ടും ശക്തമായി.
ദിവസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ യെച്ചൂരിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ഇന്ദിരയെ തടഞ്ഞുവച്ച് കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്. അടിയന്തരാവസ്ഥയുടെ ക്രൂരതകള്‍ ഉറക്കെ വിളിച്ചു പറഞ്ഞുള്ളതായിരുന്നു കുറ്റപത്രം. പ്രതിഷേധ കൊടുങ്കാറ്റിന് മുന്നിൽ അടിപതറിയ ഇന്ദിര ദിവസങ്ങൾക്കിപ്പുറം പദവി ഒഴിഞ്ഞു. രാഷ്ട്രീയ ഇന്ത്യ അന്നു മുതൽ യെച്ചൂരിയെ ശ്രദ്ധിച്ചു തുടങ്ങി. 1978 ൽ എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്‍റായ യെച്ചൂരി പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിലെ സുപ്രധാന മുഖങ്ങളിലൊന്നായി വളരുകയായിരുന്നു. എൺപത്തിയഞ്ചിൽ തുടക്കത്തിൽ സി പി എം കേന്ദ്ര കമ്മിറ്റിയിലും 92 ൽ പൊളിറ്റ് ബ്യൂറോയിലും എത്തി. 2015 ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടില്‍ നിന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി പദവി യെച്ചൂരി ഏറ്റെടുത്തു. 2018 ല്‍ ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസും 2022 ൽ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസും യെച്ചൂരിയുടെ കൈകളിലാണ് പാർട്ടിയെ ഏൽപ്പിച്ചത്. പുതിയൊരു സമ്മേളന കാലയളവിന് സി പി എമ്മിൽ തുടക്കമായിരിക്കവെയാണ് പ്രിയ നേതാവിനെ പാർട്ടിക്ക് നഷ്ടമായത്. ആ വലിയ നഷ്ടം പാർട്ടിയുടേത് മാത്രമല്ല, രാഷ്ട്രീയ ഇന്ത്യയുടേത് കൂടിയാണ് എന്നതാണ് യാഥാർത്ഥ്യം.
'ഇന്ത്യയെന്ന ആശയത്തിൻ്റെ സംരക്ഷകൻ', ആ നീണ്ട ചർച്ചകൾ എനിക്ക് നഷ്ടമാകും; വേദന പങ്കുവച്ച് രാഹുൽ ഗാന്ധി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam