ദില്ലിയിൽ ഷെൽട്ടർ ഹോമിന് തീയിട്ട സംഭവം; ആറ് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിൽ

By Web TeamFirst Published Apr 13, 2020, 9:09 AM IST
Highlights

ലോക്ക് ഡൗണിന് പിന്നാലെ നൂറോളം കുടിയേറ്റ തൊഴിലാളികളെ ഷെൽട്ട‌ർഹോമിൽ പാർപ്പിക്കേണ്ടിവന്നു. ഇവരും ഷെ‌ൽട്ട‍ർഹോമിലെ ജീവനക്കാരും തമ്മിൽ ഭക്ഷണത്തെ ചൊല്ലിയാണ് ത‌ർക്കമുണ്ടായത്.

ദില്ലി: ദില്ലി കശ്മീരീഗേറ്റിലെ ഷെൽട്ടർ ഹോമിന് തീയിട്ട സംഭവത്തിൽ ആറ് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിൽ. ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കമാണ് തീയിടലിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഘര്‍ഷത്തിനിടെ യമുന നദിയില്‍ ചാടിയ നാല് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു.

ശനിയാഴ്ച വൈകുന്നേരമാണ് കശ്മീരിഗേറ്റിലെ മൂന്ന് ഷെൽട്ടർ ഹോമുകൾക്ക് തീപീടിച്ചത്. മൂന്നൂറിലേറെ ആളുകൾ താമസിക്കുന്ന ഷെൽട്ടർ ഹോമിലാണ് തീപീടുത്തം ഉണ്ടായത്. സമ്പൂർണ്ണ അടച്ചുപൂട്ടിലിന് പിന്നാലെ നൂറോളം കുടിയേറ്റ തൊഴിലാളികളെ ഷെൽട്ട‌ർഹോമിൽ പാർപ്പിക്കേണ്ടിവന്നു. ഇവരും ഷെ‌ൽട്ട‍ർഹോമിലെ ജീവനക്കാരും തമ്മിൽ ഭക്ഷണത്തെ ചൊല്ലി ത‌ർക്കം ഉണ്ടാവുകയും തുടർന്ന് ജീവനക്കാരും തൊഴിലാളികളും തമ്മിൽ സംഘർമുണ്ടാവുകയും ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

സംഘര്‍ഷത്തിനിടെ നാല് തൊഴിലാളികള്‍ യമുന നദിയില്‍ ചാടി. ഇതിലൊരാളാണ് മരിച്ചത്. തൊഴിലാളിയുടെ മരണത്തിനുത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് തൊഴിലാളികൾ പ്രതിഷേധിച്ചു. പിന്നീടാണ് ക്യാമ്പിന് തീയിട്ടത്. തീപിടിത്തത്തിൽ ആർ‍ക്കും പരിക്കില്ല. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

click me!