തമിഴ്നാട്ടിലെ നീറ്റ് തട്ടിപ്പ്: ആറ് പേർ കൂടി അറസ്റ്റിൽ

By Web TeamFirst Published Sep 28, 2019, 10:37 AM IST
Highlights

സത്യസായി മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടിയ അഭിരാമി - പിതാവ് മാധവൻ ബാലാജി മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ പ്രവീൺ- പിതാവ് ശരവണൻ, എസ്ആർഎം മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ രാഹുൽ- പിതാവ് ഡേവിസ് എന്നിവരെയാണ് അറസ്റ്റ് ചെയതത്. 

ചെന്നൈ: തമിഴ്നാട്ടില്‍ നീറ്റ് പ്രവേശന പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തിൽ ആറ് പേരെ കൂടി അറസ്റ്റ് ചെയ്തു. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ തമിഴ്നാട് സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളും മാതാപിതാക്കളുമാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

‌സത്യസായി മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടിയ അഭിരാമി - പിതാവ് മാധവൻ ബാലാജി മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ പ്രവീൺ- പിതാവ് ശരവണൻ, എസ്ആർഎം മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ രാഹുൽ- പിതാവ് ഡേവിസ് എന്നിവരെയാണ് അറസ്റ്റ് ചെയതത്. സംഭവത്തിൽ ഏജന്‍റിന് പണം കൈമാറിയ മുംബൈ സ്വദേശി വെങ്കടേഷിനെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റിഡിയിലെടുത്തിരുന്നു. തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അനധികൃതമായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനത്തിന് എത്തിയ ഉദിത് സൂര്യയുടെ ഹാള്‍ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ തോന്നിയ സംശയമാണ് വന്‍ തട്ടിപ്പിന്‍റെ ചുരുളഴിച്ചത്. ഹാള്‍ ടിക്കറ്റിലെ ഫോട്ടോയും ഉദിത്തിന്‍റെ മുഖവും തമ്മില്‍ സാമ്യമില്ലെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞു. കോളേജ് ഡീന്‍ വിദ്യാഭ്യാസ ഡയറക്ട്രേറ്റിനെ വിവരം അറിയിച്ചതോടെ കേസ് ക്രൈബ്രാ‌ഞ്ച് ഏറ്റെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെയും പിതാവ് സ്റ്റാന്‍ലിയെയും ചോദ്യം ചെയ്തതോടെ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. രണ്ട് തവണ പ്രവേശന പരീക്ഷ എഴുതിയിട്ടും പാരജയപ്പെട്ടതോടെ മറ്റൊരാളെ വച്ച് പരീക്ഷ എഴുതിക്കുകയായിരുന്നുവെന്ന് ഉദിത്തിന്‍റെ പിതാവ് സമ്മതിച്ചിരുന്നു. 

മുംബൈയിലെ ഏജന്‍റ് വഴി ഇതിനായി ഇരുപത് ലക്ഷം രൂപകൈമാറിയിരുന്നു. ഈ ഏജന്‍റിന് പണം കൈമാറിയ ആളാണ് വെങ്കടേഷ്. വ്യാജ ഹാള്‍ ടിക്കറ്റുമായി പരീക്ഷ എഴുതിയത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. സമാന രീതിയില്‍ ആറ് പേര്‍ പരീക്ഷ എഴുതിയിട്ടുണ്ടെന്നും, നാല് വിദ്യാര്‍ത്ഥികള്‍ എംബിബിഎസിന്  പ്രവേശനം നേടിയെന്നും വെങ്കിടേഷ് മൊഴി നല്‍കിയിട്ടുണ്ട്. മലയാളി വിദ്യാര്‍ത്ഥികള്‍ തട്ടിപ്പില്‍ ഭാഗമായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ 2017 മുതലുള്ള മുഴുവന്‍ പ്രവേശനങ്ങളും പരിശോധിക്കനാണ് എംജിആര്‍ ആരോഗ്യ സര്‍വ്വകലാശാലയുടെ തീരുമാനം.

click me!