
ചെന്നൈ: ചെന്നൈയിൽ യുവതികൾ സഞ്ചരിച്ച കാർ പിന്തുടർന്ന് ഭീഷണിപ്പെടുത്തി ആറംഗ സംഘം. റിപ്പബ്ലിക് ദിനരാത്രിയിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഡിഎംകെ പതാക വച്ച കാറിലെത്തിയ യുവാക്കളാണ് യുവതികളെ ശല്യപ്പെടുത്തിയത്.
ചെന്നൈ നഗരത്തിലെ സ്ത്രീസുരക്ഷയെ കുറിച്ച് ഗൌരവമേറിയ ചോദ്യങ്ങൾ ഉയർത്തി നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇസിആറിൽ കുടുംബത്തോടൊപ്പം കാറിൽ പോവുകയായിരുന്ന യുവതികൾ ഉൾപ്പെട്ട സംഘമാണ് ഭയപ്പെടുത്തുന്ന അതിക്രമം നേരിട്ടത്. ആറ് യുവാക്കളുണ്ടായിരുന്ന കാർ പിന്തുടർന്നെത്തി റോഡിന് കുറുകെയിട്ടതോടെ യുവതികൾ ഭയന്നു. പിന്നിലേക്ക് കാറെടുത്ത് രക്ഷപ്പെടാൻ യുവതികൾ ശ്രമിച്ചപ്പോൾ അവിടെയും യുവാക്കൾ എത്തി.
നാല് കിലോമീറ്റളോളം അകലെയുള്ള വീട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചപ്പോഴും യുവാക്കൾ വിട്ടില്ല. വീടിന് മുന്നിലെത്തിയപ്പോൾ അയൽക്കാർ കൂട്ടംകൂടിയതിനാൽ യുവാക്കൾ പിൻവാങ്ങിയെന്നും യുവതികൾ കാണത്തൂർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. രണ്ട് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടങ്ങിയെന്നാണ് പൊലീസ് വിശദീകരണം.
അണ്ണാ സർവ്വകലാശാല ബലാത്സംഗ കേസിലെ പ്രതിഷേധം കെട്ടടങ്ങും മുൻപുണ്ടായ പുതിയ സംഭവം പ്രതിപക്ഷം ആയുധമാക്കി. ഡിഎംകെ പതാക സ്ത്രീകൾക്കെതിരെ എന്തും ചെയ്യാനുള്ള ലൈസൻസ് ആണോയെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി ചോദിച്ചു. നഗരത്തിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണെമന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം