സ്പീക്കർക്കെതിരായ അവിശ്വാസ നീക്കത്തിൽ പ്രതിപക്ഷം നോട്ടീസ് നൽകും. ലോക്സഭ സെക്രട്ടറി ജനറലിനാണ് നോട്ടീസ് നൽകുക. തൃണമൂൽ കോൺഗ്രസ് നോട്ടീസിൽ ഒപ്പുവെക്കില്ല

ദില്ലി: സ്പീക്കർക്കെതിരായ അവിശ്വാസ നീക്കത്തിൽ നോട്ടീസ് നൽകാൻ പ്രതിപക്ഷ തീരുമാനം. ലോക്സഭ സെക്രട്ടറി ജനറലിന് നോട്ടീസ് നൽകും. തൃണമൂൽ കോൺഗ്രസ് നോട്ടീസിൽ ഒപ്പുവെക്കില്ല. വനിതാ എംപിമാർക്കെതിരെ സ്പീക്കർ അസത്യം പറഞ്ഞുവെന്നും സർക്കാറിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകുന്നത്. നരേന്ദ്രമോദി സർക്കാറിന്റെ കാലത്ത് സ്പീക്കർക്ക് എതിരായ അവിശ്വാസ നോട്ടീസ് ഇതാദ്യമായാണ് വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്പീക്കറെ നീക്കാനുള്ള നോട്ടീസ് സാധാരണ ഡെപ്യൂട്ടി സ്പീക്കർക്കാണ് നൽകേണ്ടത്. നിലവിൽ സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാൽ ഇത് ലോക്സഭാ സെക്രട്ടറി ജനറലിനാണ് നൽകുക. ഇന്ത്യ സഖ്യ യോ​ഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ, മമത ബാനർജി കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുകയാണ്. അതുകൊണ്ടുതന്നെ തൃണമൂൽ കോൺഗ്രസ് നോട്ടീസിൽ ഒപ്പുവെക്കില്ല. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാത്തിനൊപ്പം വനിതാ എംപിമാർ പ്രധാനമന്ത്രിയെ ആക്രമിക്കാൻ ശ്രിച്ചുവെന്ന അസത്യ പ്രസതാവന സ്പീക്കർ നടത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എട്ട് എംപിമാരെ ഈ സമ്മേളന കാലയളവ് മുഴുവൻ സസ്പെൻഡ് ചെയ്തതും പക്ഷപാതത്തിന് ഉദാഹരണമായി നോട്ടീസിൽ ചൂണ്ടിക്കാട്ടും.