ദളിത് അധിക്ഷേപ സ്കിറ്റ്; ജെയ്ൻ സ‍ർവകലാശാലയിലെ പ്രിന്‍സിപ്പാളും വിദ്യാർത്ഥികളും അടക്കം 9 പേര്‍ അറസ്റ്റിൽ

Published : Feb 13, 2023, 07:03 PM ISTUpdated : Feb 13, 2023, 07:13 PM IST
ദളിത് അധിക്ഷേപ സ്കിറ്റ്; ജെയ്ൻ സ‍ർവകലാശാലയിലെ പ്രിന്‍സിപ്പാളും വിദ്യാർത്ഥികളും അടക്കം 9 പേര്‍ അറസ്റ്റിൽ

Synopsis

ജെയ്ൻ സ‍ർവകലാശാലയിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ആറ് പേരും സെന്‍റർ ഫോർ മാനേജ്മെന്‍റ് സ്റ്റഡീസ് വിദ്യാർത്ഥികളാണ്. 

ബെംഗളൂരു: ബെംഗളൂരുവില്‍ കോളേജ് സ്കിറ്റിലൂടെ ദളിത് അധിക്ഷേപം നടത്തിയ ഏഴ് വിദ്യാർഥികൾ അടക്കം 9 പേ‍ർ അറസ്റ്റിൽ. ബെംഗളുരു ജെയ്ൻ സ‍ർവകലാശാലയിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ജെയ്ൻ സർവകലാശാലയിലെ സെന്‍റർ ഫോർ മാനേജ്മെന്‍റ് സ്റ്റഡീസ് പ്രിൻസിപ്പാളിനെയും പരിപാടി സംഘടിപ്പിച്ചയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

വിവിധ ദളിത് സംഘടനകൾ നൽകിയ പരാതിയിൽ പൊലീസ് വിദ്യാർത്ഥികളെ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമമാണ് ഇവ‍ർക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തേ ജയ്ൻ സർവകലാശാല ഈ ആറ് വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തിരുന്നു. ജയ്ൻ സർവകലാശാലയിലെ സെന്‍റർ ഫോർ മാനേജ്മെന്‍റ് സ്റ്റഡീസ് പ്രിൻസിപ്പാളിനെതിരെയും സർവകലാശാലാ ഡീനിന് എതിരെയും കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിപാടിയിൽ ദളിത് അധിക്ഷേപം നടത്തിയതിന് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞ സർവകലാശാല സംഭവം അന്വേഷിക്കാൻ അച്ചടക്കസമിതിയെ ഏർപ്പെടുത്തിയെന്നും അറിയിച്ചിരുന്നു. 

Also Read: ജെയ്ന്‍ സർവകലാശാലയിലെ ജാതിയാധിക്ഷേപ സ്കിറ്റ്: 6 വിദ്യാർഥികൾക്ക് സസ്പെന്‍ഷന്‍, അന്വേഷിക്കാൻ അച്ചടക്ക സമിതി

കോളേജ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് (സിഎംഎസ്) വിദ്യാർത്ഥികളാണ് സ്കിറ്റ് അവതരിപ്പിച്ചത്. ഒരു ദളിത് യുവാവ് സവർണ യുവതിയോട് പ്രണയാഭ്യർത്ഥന നടത്തുന്നതിനെക്കുറിച്ചായിരുന്നു സ്കിറ്റ്. സ്കിറ്റിൽ ബി ആർ അംബേദ്‍കറെ 'ബിയർ അംബേദ്കർ' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നുണ്ട്. ദളിത് വിരുദ്ധ അധിക്ഷേപ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തി. 'ലിറ്റ്' (ലഹരിയിൽ) ആകാമെങ്കിൽ എന്തിന് 'ദളിത്' ആകണമെന്നും സ്കിറ്റിൽ പരാമർശമുണ്ട്. ഡേറ്റിംഗിന് വന്നപ്പോൾ പോലും ഒരേ പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കാൻ യുവതി യുവാവിനെ സമ്മതിച്ചില്ലെന്നും സ്കിറ്റിൽ പരാമർശിക്കുന്നു.

സ്കിറ്റിൽ ഇത്ര പെട്ടെന്ന് വന്നതെന്തിന് എന്ന് യുവതി ചോദിച്ചപ്പോൾ, താൻ 'ഷെഡ്യൂൾഡ് കാസ്റ്റ്' ആയതുകൊണ്ടാണെന്നാണ് യുവാവ് മറുപടി പറയുന്നത്. എല്ലാം വേഗം കിട്ടുമെന്നതുകൊണ്ടാണ് ഹരിജൻ എന്ന് ഗാന്ധിജി ദളിതരെ വിളിച്ചതെന്നും കോളേജ് സീറ്റ് പോലും സംവരണം ചെയ്യപ്പെട്ടതാണല്ലോ എന്നും സ്കിറ്റിൽ പരിഹാസിക്കുന്നു. കോളേജ് അധികൃതരുടെ അംഗീകാരത്തോടെയാണ് സ്കിറ്റ് അവതരിപ്പിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. കോളേജ് ഫെസ്റ്റിനിടെ 'മാഡ് ആഡ്‍സ്' എന്ന സെഗ്മെന്‍റിലാണ് സ്കിറ്റ് അവതരിപ്പിച്ചത്.

PREV
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി