ദളിത് അധിക്ഷേപം നടത്തിയതിനും ബി ആർ അംബേദ്കർക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതിനും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന് സർവകലാശാല.
ബെംഗളൂരു:ജെയ്ൻ സർവകലാശാലയിലെ ജാതിയധിക്ഷേപ സ്കിറ്റ് എഴുതുകയും അവതരിപ്പിക്കുകയും ചെയ്ത ആറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ദളിത് അധിക്ഷേപം നടത്തിയതിനും ബി ആർ അംബേദ്കർക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതിനും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന് സർവകലാശാല വ്യക്തമാക്കി. സംഭവം അന്വേഷിക്കാൻ അച്ചടക്ക സമിതിയെ ചുമതലപ്പെടുത്തിയെന്നും സർവകലാശാല അറിയിച്ചു. കോളേജ് ഫെസ്റ്റിവലിന്‍റെ ഭാഗമായി നടത്തിയ സ്കിറ്റിലാണ് ജാതിയധിക്ഷേപ പരാമർശങ്ങളുണ്ടായത്. ബെംഗളുരു ജയ്ൻ സർവകലാശാലയിലെ മാനേജ്മെന്‍റ് വിദ്യാർഥികൾക്കെതിരെയാണ് നടപടി

p>
കോളേജ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് (സിഎംഎസ്) വിദ്യാർത്ഥികളാണ് സ്കിറ്റ് അവതരിപ്പിച്ചത്. ഒരു ദളിത് യുവാവ് സവർണ യുവതിയോട് പ്രണയാഭ്യർത്ഥന നടത്തുന്നതിനെക്കുറിച്ചായിരുന്നു സ്കിറ്റ്. സ്കിറ്റിൽ ബി ആർ അംബേദ്‍കറെ 'ബിയർ അംബേദ്കർ' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നുണ്ട്. ദളിത് വിരുദ്ധ അധിക്ഷേപ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി.
'ലിറ്റ്' (ലഹരിയിൽ) ആകാമെങ്കിൽ എന്തിന് 'ദളിത്' ആകണമെന്നും സ്കിറ്റിൽ പരാമർശമുണ്ട്. ഡേറ്റിംഗിന് വന്നപ്പോൾ പോലും ഒരേ പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കാൻ യുവതി യുവാവിനെ സമ്മതിച്ചില്ലെന്നും സ്കിറ്റിൽ പരാമർശിക്കുന്നു. സ്കിറ്റിൽ ഇത്ര പെട്ടെന്ന് വന്നതെന്തിന് എന്ന് യുവതി ചോദിച്ചപ്പോൾ താൻ 'ഷെഡ്യൂൾഡ് കാസ്റ്റ്' ആയതുകൊണ്ടാണെന്നാണ് യുവാവ് മറുപടി പറയുന്നത്. എല്ലാം വേഗം കിട്ടുമെന്നതുകൊണ്ടാണ് ഹരിജൻ എന്ന് ഗാന്ധിജി ദളിതരെ വിളിച്ചതെന്നും കോളേജ് സീറ്റ് പോലും സംവരണം ചെയ്യപ്പെട്ടതാണല്ലോ എന്നും സ്കിറ്റിൽ പരിഹാസിക്കുന്നു. കോളേജ് അധികൃതരുടെ അംഗീകാരത്തോടെയാണ് സ്കിറ്റ് അവതരിപ്പിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. കോളേജ് ഫെസ്റ്റിനിടെ 'മാഡ് ആഡ്‍സ്' എന്ന സെഗ്മെന്‍റിലാണ് സ്കിറ്റ് അവതരിപ്പിച്ചത്.
