
ദില്ലി: കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലിയെകുറിച്ചുള്ള വിവരം പുറത്തറിയുന്നതിന് ഒരാഴ്ച മുന്‍പ് രാജ്യതലസ്ഥാനത്തും നരബലി നടന്നിരുന്നു. ദേവപ്രീതിക്കായി ആറ് വയസുള്ള ബാലനെയാണ് ലഹരിക്ക് അടിമകളായ യുവാക്കൾ വകവരുത്തിയത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്ത് 49 ജീവനുകൾ നരബലിയിലൂടെ ഇല്ലാതായെന്നാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
രണ്ടാഴ്ച മുൻപാണ് രാജ്യതലസ്ഥാനത്ത് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച നരബലി അരങ്ങേറിയത്. ദില്ലി നഗരമധ്യത്തില്‍ വച്ചാണ് ആറു വയസുകാരനെ ബലി നല്‍കിയത്. കഞ്ചാവിൻ്റെ ലഹരിയില്‍ രണ്ട് യുവാക്കൾ ചേര്‍ന്നാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത്. അതിസമ്പന്നരാകാൻ വേണ്ടിയാണ് കുഞ്ഞിനെ ബലി കൊടുത്തതെന്നായിരുന്നു ചോദ്യം ചെയ്യല്ലിൽ യുവാക്കൾ പൊലീസിനോട് പറഞ്ഞത്.
ദില്ലി നഗരമധ്യത്തിലെ ലോധി കോളനിയിലായിരുന്നു ഈ സംഭവം. ഇവിടെ സിബിഐ ആസ്ഥാനത്തിന് തൊട്ടടുത്തായി രണ്ടരയേക്കറില്‍ സിആർപിഎഫിനായുള്ള ആസ്ഥാന മന്ദിരത്തിൻ്റെ നിർമ്മാണം പുരോഗമിക്കുകയാണ്. കെട്ടിട നിർമ്മാണ ജോലിക്കായി ഇവിടെയെത്തിയ ഉത്തർ പ്രദേശ് ബറേലി സ്വദേശിയായ അശോക് കുമാറിൻ്റെ ആറുവയസുള്ള മകനായ ധർമേന്ദ്രയെയാണ് കഴിഞ്ഞ രണ്ടിന് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കൊല നടത്തിയത് നിർമ്മാണ തൊഴിലാളികള്‍ തന്നെയായ ബിഹാർ സ്വദേശികളായ 19 കാരനായ വിജയ് കുമാറും, 22 കാരനായ അമറും. പണക്കാരനാകാന്‍ കുട്ടിയെ ബലി നല്‍കണമെന്ന് വെളിപാടുണ്ടായെന്നും തുടർന്ന് കൊന്നെന്നുമാണ് പ്രതികൾ പോലീസിന് നല്‍കിയ മൊഴി.
മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനാണ് അശോക് കുമാർ നാടുവിട്ട് കെട്ടിട നിർമ്മാണ ജോലിക്കായി ദില്ലിയിലെത്തിയത്. സഹപ്രവർത്തകരുടെ അന്ധവിശ്വാസത്തിന് ലഹരിയും കൂട്ടായപ്പോൾ ഇല്ലാതായത് ഒരു സാധാരണകുടുംബത്തിന്‍റെ ജീവിതമാണ്. നിര്‍മ്മാണ സ്ഥലത്തേക്ക് പ്രവേശനമില്ലാത്തതിനാല്‍ നിര്‍മാണ സൈറ്റിലെ താല്‍ക്കാലിക ടെന്‍റില്‍ കഴിയുന്ന അശോക് കുമാറിൻ്റെ കുടംബത്തെ നേരിൽ കാണാന്‍ സ്ഥലത്ത് എത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് കഴിഞ്ഞില്ല.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 49 നരബലിയില്‍ ഭൂരിഭാഗവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ചത്തീസ്ഗഡിലാണ് ഏറ്റവും കൂടുതല്‍ 10, 2017 ല്‍ മാത്രം 19 നരബലി രാജ്യത്ത് നടന്നതായാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam