
ചെന്നൈ: ശ്രീലങ്കയിലെ (Sri Lanka) സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 10 അഭയാർഥികൾ കൂടി തമിഴ്‌നാട്ടിൽ എത്തി. ബോട്ടിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്ന ഇവരെ രാമേശ്വരം ധനുഷ്കോടിക്കടുത്ത് കോസ്റ്റ് ഗാർഡാണ് കണ്ടെത്തിയത്. വിശന്നുകരയുന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാൻ കൂടി വഴിയില്ലാതായതോടെയാണ് ഇന്ത്യയിലേക്കുള്ള കടത്തുബോട്ടിൽ കയറിയതെന്ന് അഭയാർത്ഥികൾ പറഞ്ഞു. നാല് മാസം പ്രായമുള്ള കുഞ്ഞടക്കം 10 പേരാണ് സംഘത്തിലുണ്ടായിരുന്നത്. മാന്നാർ മേഖലയിലുള്ള ജെട്ടിയിൽ നിന്നുമാണ് അഭയാർത്ഥികൾ ബോട്ട് കയറിയത്. ഇന്ത്യയിലെത്തിക്കാൻ 50000 രൂപ ഈടാക്കി. രാത്രി വൈകി രാമേശ്വരത്തിന് അടുത്തുള്ള ദ്വീപിൽ നിന്നാണ് അഭയാർത്ഥികൾ കോസ്റ്റ്ഗാർഡിന്‍റെ പിടിയിലാകുന്നത്.
ഇതോടെ ഇന്ത്യൻ തീരത്തെത്തിയ ശ്രീലങ്കൻ അഭയാർത്ഥികളുടെ എണ്ണം 16 ആയി. ശ്രീലങ്കൻ പ്രതിസന്ധി മൂർച്ഛിക്കുന്ന സാഹചര്യത്തിൽ കൂടുതൽ അഭയാർത്ഥികൾ ഇന്ത്യൻ തീരത്തേക്ക് പലായനം ചെയ്തേക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ധനുഷ്കോടി രാമേശ്വരം തീരത്ത് തീരസംരക്ഷണ സേന തെരച്ചിൽ ശക്തമാക്കി. ശ്രീലങ്കൻ ആഭ്യന്തര പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഒരു ലക്ഷത്തോളം അഭയാർത്ഥികൾ നിലവിൽ തമിഴ്നാട്ടിലുണ്ട്. അഭയാർത്ഥി ക്യാമ്പുകളിൽ 60,000 പേരും അതിന്‍റെ പകുതിയെങ്കിലും അഭയാർത്ഥികൾ അനധികൃതമായും കഴിയുന്നു. ഇന്നലെ എത്തിയവരിൽ രണ്ട് കുടുംബങ്ങൾ നേരത്തേ തമിഴ്നാട്ടിലെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവരാണ്. ഭക്ഷണവും പ്രഥമശുശ്രൂഷയും നൽകിയതിന് ശേഷം അഭയാർത്ഥികളെ മറൈൻ പൊലീസിന് കൈമാറി. ഇവരെ രാമേശ്വരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിന് ശേഷം മണ്ഡപം അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റും.
കൊളംബോ: 1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കുകയാണ് ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്ക. പണമില്ലാത്ത രാഷ്ട്രം ഭക്ഷണം (Food), ഇന്ധനം (Fuel), മരുന്നുകൾ (Medicine) എന്നിവയുടെ ക്ഷാമത്തിനും സാക്ഷ്യം വഹിക്കുന്നു. അടുത്തിടെ ശ്രീലങ്കയ്ക്ക് ഇന്ത്യ ഒരു ബില്യൺ ഡോളറിന്റെ സഹായധനം അനുവദിച്ചിട്ടുണ്ട്. പേപ്പറുകളുടെ രൂക്ഷമായ ക്ഷാമം കാരണം ശ്രീലങ്ക അനിശ്ചിതകാലത്തേക്ക് പരീക്ഷകൾ റദ്ദാക്കി. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയാണ് ഈ നീക്കം ബാധിച്ചിരിക്കുന്നത്. കൊളംബോയും ഇറക്കുമതിക്ക് ധനസഹായം നൽകുന്നതിന് ഡോളറിന്റെ കുറവാണ് നേരിടുന്നത്.
വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യത്തെ വലയ്ക്കുന്നത്. ഭക്ഷ്യോൽപന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി ഒന്നിനും പണം ഇല്ലാത്ത അവസ്ഥയാണ്. ഐ എം എഫിൽ നിന്ന് പണം കടം വാങ്ങാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഭരണകൂടം. ശ്രീലങ്കൻ പ്രസിഡണ്ട് ഗോട്ബായ രാജപക്സയുടെ ആവശ്യം പരിഗണിക്കുകയാണ് എന്ന് ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാൽപ്പൊടി വില കിലോയ്ക്ക് 1945 രൂപയാണ്. ചിലയിടത്ത് 2000 രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ രാജ്യത്ത് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരുകയാണ്. നിലനിൽപ്പിനായി രാജ്യത്തെ ഭക്ഷണശാലകൾ എല്ലാം വില വർധിപ്പിച്ചു. ഇവിടെ ഒരു പാൽച്ചായക്ക് ഇപ്പോൾ വില 100 രൂപയാണ്.