
മുംബൈ: മുംബൈ മാട്ടുംഗയിലെ ചിൽഡ്രൻസ് ഹോമിൽ പതിനാറു വയസ്സുകാരനെ തല്ലിക്കൊന്നു. ചിൽഡ്രൻസ് ഹോമിലെ അന്തേവാസികളായ നാല് കുട്ടികൾ ചേർന്നാണ് ക്രൂര കൃത്യം നടത്തിയത്. മാട്ടുംഗയിലെ ഡേവിഡ് സസൂൺ ചിൽഡ്രൻസ് ഹോമിലാണ് സംഭവം നടന്നത്. ഹാസ്‍വാൻ രാജ്കുമാർ നിഷാദ് എന്ന പതിനാറുകാരനാണ് ക്രൂരമായ മർദ്ദനമേറ്റ് മരിച്ചത്. സംഭവത്തിൽ ശിവാജി പാർക്ക് പൊലീസ് കേസെടുത്തു. പ്രതികളായ കുട്ടികളെ കറക്ഷൻ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരിൽ ഒരാളുടെ പ്രായം പന്ത്രണ്ട് വയസ്സാണ്. പതിനഞ്ചിനും പതിനേഴിനും ഇടയിലാണ് മറ്റുള്ളവരുടെ പ്രായം. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
തെരുവിൽ അലഞ്ഞ് തിരിയുന്ന നിലയിൽ കണ്ടെത്തിയ രാജ്കുമാർ നിഷാദിനെ ഈ മാസം ആറിനാണ് ഡിബി മാർഗ് പൊലീസ് ചിൽഡ്രൻസ് ഹോമിൽ എത്തിച്ചത്. കുട്ടി മാനസിക വിഭ്രാന്തി കാണിച്ചിരുന്നു. സംസാരിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്ന കുട്ടി, കഴിഞ്ഞ ദിവസം റൂമിനകത്ത് മലമൂത്ര വിസർജനം നടത്തി. ഇതിൽ പ്രകോപിതരായാണ് അന്തേവാസികളായ മറ്റ് കുട്ടികൾ ഹാസ്‍വാൻ രാജ്കുമാർ നിഷാദിനെ ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
അക്രമിച്ച കുട്ടികളും ചിൽഡ്രൻസ് ഹോമിൽ പുതുതായി എത്തിയവരാണ്. കൊവിഡ് ബാധയ്ക്ക് ശേഷം ചിൽഡ്രൻസ് ഹോമിൽ പുതുതായി എത്തുന്ന കുട്ടികളെ 15 ദിവസത്തേക്ക് നിരീക്ഷണ മുറിയിൽ ആണ് പാർപ്പിച്ചിരുന്നത്. രാജ്കുമാർ നിഷാദും കൊലപ്പെടുത്തിയ 4 കുട്ടികളും ഈ മുറിയിലാണ് കഴിഞ്ഞിരുന്നത്. അബോധാവസ്ഥയിൽ കണ്ടെത്തിയ രാജ്കുമാർ നിഷാദിനെ അധികൃതർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. അപകട മരണം എന്ന നിലയിലാണ് ശിവാജി പാർക്ക് പൊലീസ് ആദ്യം കേസെടുത്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഹാസ്‍വാൻ രാജ്കുമാർ നിഷാദ് ക്രൂര മർദ്ദനത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. നാലു പേരും ചേർന്ന് രാജ്കുമാർ നിഷാദിനെ ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്.
അടിവയറ്റിലും നെഞ്ചിലും ഏറ്റ ചവിട്ടിനെ തുടർന്നുണ്ടായ ബ്ലിഡീംഗ് ആണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതാദ്യമായല്ല ഡേവിഡ് സസൂൺ ചിൽഡ്രൻസ് ഹോമിൽ അന്തേവാസിയായ കുട്ടി കൊല്ലപ്പെടുന്നത്. 2015 മെയ് മാസത്തിൽ പതിനേഴുകാരനായ അന്തേവാസി ഇവിടെ മർദ്ദനമേറ്റ് മരിച്ചിരുന്നു. മൂന്ന് മുതിർന്നവർ ഉൾപ്പെടെ പന്ത്രണ്ട് പേരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam