
ബെംഗളൂരു: കാലാവധി കഴിഞ്ഞ് പൂപ്പൽ ബാധിച്ച ഇറച്ചിയും ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിൽ കേടുവന്ന വെജിറ്റബിൾ കട്ലെറ്റുകളും അടക്കം കണ്ടെത്തിയത് 132 കിലോഗ്രാം പഴകിയ ഭക്ഷണ സാധനങ്ങൾ. ബെംഗളൂരു നഗരത്തിലെ പ്രമുഖ പബ്ബ് അടച്ച് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ. ബെംഗളൂരു നഗരത്തിലെ സ്കൈ ലോഞ്ച് എന്ന പബ്ബിലെ ഭക്ഷണശാലയാണ് അടച്ചത്. അശോക് നഗറിലെ യുബി സിറ്റി മാളിലെ പതിനാറാം നിലയിൽ പ്രവർത്തിച്ചിരുന്ന ഭക്ഷണശാലയാണ് പൂട്ടിയത്. പഴകിയ പാലും പാൽ ഉൽപന്നങ്ങളും അടക്കമുള്ളവയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പഴകിയ സോസുകൾ, കാലാവധി പിന്നിട്ട ഭക്ഷ്യ വസ്തുക്കൾ, മീൻ, കൂൺ അടക്കമുള്ളവയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. 70 കിലോഗ്രാം പഴകിയ സോയ സോസ് ആണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നിരവധി തവണ പുനരുപയോഗിച്ച 15 ലിറ്റർ എണ്ണയും ഇവിടെ നിന്ന് കണ്ടെത്തി. കോഴിയിറച്ചിയും ബീഫും പൂപ്പൽ ബാധിച്ച നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. 6 കിലോ പഴകിയ വെജിറ്റബിൾ കട്ലെറ്റും പിടിച്ചെടുത്തിട്ടുണ്ട്.
നഗരത്തിൽ തന്നെയുള്ള റോയൽ ചെയിൻ ഹോട്ടലിൽ നിന്ന് 50 കിലോ താറാവ് ഇറച്ചി, 5 കിലോ മീൻ എന്നിവയാണ് പഴകിയ നിലയിൽ കണ്ടെത്തിയത്. നഗരത്തിലെ പ്രമുഖമായ മദ്രാസ് കിച്ചണിൽ നിന്ന് 5 കിലോ ഗ്രീൻ പീസ്,ടെസ്കോൺ ഹോട്ടലിൽ നിന്ന് 5 കിലോ കൂൺ എന്നിവയും പഴകിയ നിലയിൽ കണ്ടെത്തി, പിടിച്ചെടുത്തു. സെൻചേസ് ഹോട്ടലിൽ നിന്ന് പഴകിയ മീനും പൂപ്പൽ നിറഞ്ഞ നിലയിൽ കേക്കുകൾ അടക്കമുള്ളവയും കണ്ടെത്തി. പിടിച്ചെടുത്ത സാധനങ്ങളുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പഴകിയ നിലയിൽ പഴച്ചാറുകളും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam