വ്യാജ കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ 129 വെബ്സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ടെലികോം സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തി പിഎംഒ വിശദീകരണം തേടി. സംഭവത്തിൽ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്

ദില്ലി: വ്യാജ കോടതി ഉത്തരവുകളുടെ പേരിൽ വെബ്സൈറ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. ടെലികോം സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടി. ജൂലൈ 21, സെപ്തംബർ 2 തീയതികളിലായാണ് വ്യാജ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ 129 വാതുവെപ്പ് സൈറ്റുകൾ തടഞ്ഞ് കേന്ദ്ര ടെലികോം വകുപ്പിന് അബദ്ധം പറ്റിയത്. രാജസ്ഥാൻ, അലഹബാദ് ഹൈക്കോടതികളുടെ പേരിൽ വ്യാജമായി നിർമ്മിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലായിരുന്നു 129 അനധികൃത വാതുവെപ്പ് സൈറ്റുകൾക്ക് കേന്ദ്ര ടെലികോം വകുപ്പ് അന്നേ ദിവസങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയത്.

വിശദവിവരങ്ങൾ

ജൂലൈ 21, സെപ്തംബർ 2 തീയതികളിലായാണ് സൈറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ ഇന്‍റർനെറ്റ് സേവനദാതാക്കൾക്ക് നിർദേശം നൽകിയത്. രാജ്യത്തെ വൻകിട ടെലികോം ഓപ്പറേറ്റർമാരെയും ഇന്‍റർനെറ്റ് ദാതാക്കളെയും ഉൾപ്പെടെ ആശങ്കയിൽ ആഴ്ത്തിയ നടപടിയാണ് വ്യാജ ഉത്തരവിന്‍റെ ബലത്തിൽ സംഭവിച്ചത്. ഇതോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് പ്രശ്നത്തിൽ ഇടപെട്ടത്. എന്താണ് സംഭവിച്ചതെന്ന് നേരിട്ടെത്തി വിശദീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ്, ടെലികോം സെക്രട്ടറി അമിത് അഗർവാളിനോട് ആവശ്യപ്പെട്ടു. സംഭവത്തെപ്പറ്റി ടെലികോം മന്ത്രാലയം ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രിമിനൽ നടപടികളുടെ ഭാഗമായി ടെലികോം മന്ത്രാലയത്തിൽ നിന്ന് പൊലീസും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ഹൈക്കോടതികളുടെ ലോഗോയും മുദ്രയും ക്യു ആർ കോഡും ഉൾപ്പെടുത്തി വ്യാജ ഉത്തരവുകൾ തയ്യാറാക്കിയ സംഘം അഭിഭാഷകരെന്ന നിലയിൽ ഉദ്യോഗസ്ഥർക്ക് ഇവ അയച്ചു നൽകുകയായിരുന്നു. പിന്നാലെ ഫീൽഡ് ഓഫീസർമാർ മുഖേന ടെലികോം വകുപ്പ് വെബ്സൈറ്റുകൾക്ക് നിരോധനവും ഏ‍ർപ്പെടുത്തി. അബദ്ധം മനസിലാക്കിയതിന് പിന്നാലെ ടെലികോം മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ നിന്ന് ഉത്തരവുകൾ നീക്കം ചെയ്തിട്ടുണ്ട്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

YouTube video player