
ദില്ലി: മേജറായിരുന്ന ഭര്‍ത്താവിന്റെ മരണശേഷം ജോലി രാജിവെച്ച് സൈന്യത്തില്‍ ചേര്‍ന്ന യുവതിയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ അപകടത്തില്‍ 2017ല്‍ കൊല്ലപ്പെട്ട മേജറിന്റെ ഭാര്യ ഗൗരി പ്രസാദ് മഹാദികിനെയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അഭിനന്ദിച്ചത്. ഗൗരിയുടെ ഭര്‍ത്താവായ മേജര്‍ പ്രസാദ് അപകടത്തില്‍ മരിക്കുകയായിരുന്നു.
അഭിഭാഷകയും കമ്പനി സെക്രട്ടറിയുമായിരുന്നു ഗൗരി. എന്നാല്‍, ഭര്‍ത്താവിന്റെ മരണശേഷം സൈന്യത്തില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ ഭര്‍ത്താവിനോടുള്ള ആദരസൂചകമായാണ് അത്തരമൊരു തീരുമാനമെടുത്തതെന്നും ഗൗരി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലെ പരിശീലനത്തിന് ശേഷം മാര്‍ച്ചിലാണ് ഗൗരി ലെഫ്റ്റനന്റായി ചുമതലയേറ്റത്.
ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ കരുത്തിന്റെ പ്രതീകമാണ് ഗൗരിയെന്ന് സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. ഗൗരിയുടെ അസാധാരണമായ കഥ അഭിമാനമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 2015ലാണ് ഗൗരിയുടെയും പ്രസാദിന്റെയും വിവാഹം നടക്കുന്നത്. വെറും രണ്ട് വര്‍ഷം മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. രണ്ടാം ശ്രമത്തിലാണ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയില്‍ ഒന്നാം റാങ്കോടെ യോഗ്യത നേടുന്നത്.
പ്രസാദിന്റെ മരണശേഷം കരയില്ലെന്ന് തീരുമാനിച്ചു. താന്‍ കരയുന്നത് അദ്ദേഹത്തിന്റെ ആത്മാവിനെ നിന്ദിക്കുന്നതിന് തുല്യമാകും. അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനാണ് സൈന്യത്തില്‍ ചേര്‍ന്നത്. എന്റെ ജീവന്‍ രാജ്യത്തിനുള്ളതാണ്. മരണവരെ എന്റെ രാജ്യത്തെ ഞാന്‍ പ്രതിരോധിക്കും-അഭിമുഖത്തില്‍ ഗൗരി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam