
ദില്ലി: ഗാന്ധി കുടുംബവുമായി ബന്ധപ്പട്ട മൂന്ന് ചാരിറ്റബിൾ ട്രസ്റ്റുകളിലെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിൽ രൂക്ഷപ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സത്യത്തിന് വേണ്ടി പോരാട്ടം നടത്തുന്നവർക്ക് വിലയിടാനും അവരെ ഭീഷണിപ്പെടുത്താനും ആർക്കും കഴിയില്ല. രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. പരിഭ്രാന്തരായ സർക്കാരിന്റെ ഭീരുത്വ നടപടികളും വേട്ടയാടലുകളും വഴി നേതൃത്വത്തെ ഭയപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.
ലോകത്തുള്ള എല്ലാവരും തന്നെപ്പോലെയാണെന്നാണ് മോദി കരുതുന്നത്. എല്ലാവരെയും വിലയ്ക്ക് വാങ്ങാമെന്നും ഭീഷണിപ്പെടുത്താമെന്നുമാണ് അദ്ദേഹം കരുതുന്നത്. സത്യത്തിനായി പോരാടുന്നവരെ വിലയ്ക്ക് വാങ്ങാനും ഭീഷണിപ്പെടുത്താനും സാധിക്കില്ലെന്ന കാര്യം അദ്ദേഹം മനസ്സിലാക്കുന്നില്ല എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ്, ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ടെസ്റ്റ് എന്നിവ ചൈനീസ് സംഭാവനകൾ സ്വീകരിച്ചു എന്നത് ഉൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളാണ് നേരിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അന്വേ,ണം പ്രഖ്യാപിച്ചിട്ടുള്ളത്.
കോൺഗ്രസ് നേതൃത്വത്തോടുള്ള ബിജെപിയുടെ വന്യവും വഞ്ചനാപരവുമായ വിദ്വേഷം എന്നാണ് കോൺഗ്രസ് ഈ നടപടിയെ വിശേഷിപ്പിച്ചത്. സാമൂഹ്യപ്രവർത്തന രംഗത്ത് ഏറ്റവും സജീവമായി ഇടപെടുന്ന സംഘടനകളാണിതെന്നും ഏത് വിധത്തിലുള്ള അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും കോൺഗ്രസ് അറിയിച്ചു. മോദി സർക്കാരിന്റെ കഴിവില്ലായ്മയെയും പരാജയത്തെയും മറച്ചു വയ്ക്കുന്നതിന് വേണ്ടിയാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതും ചെയ്യുന്നത്. എല്ലാ ദിവസവും ഓരോ പുതിയ ഗൂഢാലോചനയുമായിട്ടാണ് ബിജെപി വരുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
ചൈനീസ് സ്ഥാപനങ്ങളിൽ നിന്ന് പിഎം കെയേഴ്സിൽ എത്തുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ച് ബിജെപി അന്വേഷണം പ്രഖ്യപിക്കാൻ തയ്യാറാണോ എന്നും കോൺഗ്രസ് ചോദിച്ചു. സാമ്പത്തിക മാന്ദ്യത്തെയും കൊവിഡ് 19 വ്യാപനത്തെയും നേരിടുന്നതിൽ ബജെപി സർക്കാർ പരാജയപ്പെട്ടതായും അത് മറച്ചു വയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരം നടപടികൾ എന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam