
അഹമ്മദാബാദ്: വൈദ്യുതാഘാതമേറ്റ പാമ്പിന് കൃത്രിമ ശ്വാസം നൽകി ജീവൻ രക്ഷിച്ച് പാമ്പ് പിടിത്തക്കാരൻ. എന്നാൽ ഈ രീതി ആരും അനുകരിക്കരുതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മൃഗഡോക്ടറുടെ സഹായം തേടുകയാണ് വേണ്ടതെന്നാണ് വിദഗ്ധാഭിപ്രായം. ഗുജറാത്തിലെ വൽസദ് ജില്ലയിലാണ് സംഭവം നടന്നത്.
വൽസദ് ജില്ലയിലെ അംധ ഗ്രാമത്തിൽ പാടത്ത് പണിയെടുക്കുന്ന തൊഴിലാളികളാണ് ഒരു പാമ്പ് വൈദ്യുത തൂണിൽ കയറുന്നത് കണ്ടത്. പാമ്പ് തൂണിന്‍റെ മുകളിൽ എത്തി. ഹൈ ടെൻഷൻ വൈദ്യുതി ലൈനിൽ തട്ടിയതോടെ ഷോക്കേറ്റ് താഴെ വീണു. ഏകദേശം 15 അടി ഉയരത്തിൽ നിന്നാണ് നിലത്തേക്ക് വീണത്. ഉടൻ തന്നെ തൊഴിലാളികൾ ഗ്രാമത്തിലെ പാമ്പ് പിടുത്തക്കാരനായ മുകേഷ് വയാദിനെ അറിയിച്ചു.
മുകേഷ് സ്ഥലത്തെത്തി പാമ്പിനെ കയ്യിലെടുത്ത് വായ തുറന്ന് സിപിആർ നൽകാൻ തുടങ്ങി. വായിൽ നിന്ന് വായിലേക്ക് അര മണിക്കൂർ തുടർച്ചയായി സിപിആർ നൽകിയതോടെ പാമ്പ് ചലിക്കാൻ തുടങ്ങി. പിന്നാലെ അത് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞു പോയി. മുകേഷ് പാമ്പിന് സിപിആർ നൽകുന്ന ദൃശ്യം തൊഴിലാളികൾ എടുത്ത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു. ഈ വീഡിയോ ഇപ്പോൾ വൈറലായിയിരിക്കുകയാണ്.
കഴിഞ്ഞ 10 വർഷമായി താൻ പാമ്പ് പിടിത്തക്കാരനായി ജോലി ചെയ്യുന്നുണ്ടെന്ന് മുകേഷ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. വൽസാദിലെ ധരംപൂരിലുള്ള പാമ്പ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തനിക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും യുവാവ് പറഞ്ഞു. താൻ രക്ഷിച്ചത് വിഷമില്ലാത്ത റാറ്റ് സ്നേക്കിനെ ആണെന്ന് മുകേഷ് പറഞ്ഞു. പാമ്പിനെ തൊട്ടുനോക്കിയപ്പോൾ അനക്കം ഇല്ലമായിരുന്നുവെന്ന് യുവാവ് പറയുന്നു. പാമ്പിന്‍റെ വായ തുറന്ന് ഏകദേശം 20 തവണ സിപിആർ നൽകി. അതിനെ ഇടക്കിടെ തട്ടി. അര മണിക്കൂർ നീണ്ട ശ്രമത്തിന് ശേഷം പാമ്പ് ശ്വസിക്കാൻ തുടങ്ങി. വൈകാതെ ഇഴഞ്ഞു നീങ്ങിയെന്നും മുകേഷ് പറഞ്ഞു.
അതേസമയം ഇത്തരത്തിൽ രക്ഷാപ്രവർത്തനം നടത്തരുതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സൂറത്തിലെ ബയോളജിസ്റ്റ് ക്രുണാൽ ത്രിവേദിയെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തതിങ്ങനെ- “ശരിയായ പരിശീലനം ലഭിച്ച ഒരാൾ മാത്രമേ ഇങ്ങനെ ചെയ്യാവൂ. അതും ഒരു വിദഗ്ധന്‍റെയും മൃഗഡോക്ടറുടെയും സാന്നിധ്യത്തിൽ മാത്രമേ അത്തരമൊരു പ്രവൃത്തി ചെയ്യാൻ പാടുള്ളൂ. വൈദ്യുതാഘാതം മൂലമാണോ അതോ ഉയരത്തിൽ നിന്ന് വീണതു കൊണ്ടാണോ പാമ്പ് അബോധാവസ്ഥയിലായതെന്ന് പരിശീലനം ലഭിക്കാത്തവർക്ക് തിരിച്ചറിയാൻ കഴിയില്ല. മുകേഷ് സ്വീകരിച്ച രീതി അനുകരിക്കരുത്. അത്തരം സാഹചര്യങ്ങളിൽ, പരിശീലനം ലഭിച്ച മൃഗഡോക്ടർമാർ പാമ്പുകൾക്ക് കൃത്രിമ ശ്വസനം നൽകാൻ ഒരു എൻഡോട്രാഷ്യൽ ട്യൂബ് ആണ് പൊതുവെ ഉപയോഗിക്കുന്നത്. കാരണം പാമ്പുകളുടെ ശ്വാസനാളി വളരെ ഇടുങ്ങിയതാണ്".