എസ്എൻസി ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും; സിബിഐക്ക് വേണ്ടി തുഷാർ മേത്ത ഹാജരാകും

By Web TeamFirst Published Oct 1, 2019, 6:01 AM IST
Highlights

കശ്മീർ കേസുകൾ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിലെ നടപടികൾ വേഗത്തിൽ പൂർത്തിയാകുകയാണെങ്കിൽ മാത്രമേ ലാവലിൻ കേസ് ഇന്ന് പരിഗണിക്കുകയുള്ളൂ. ഭരണഘടന ബെഞ്ച് അധ്യക്ഷനായ ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ മൂന്നാം നമ്പർ കോടതിയാണ് ലാവലിൻ കേസ് പരിഗണിക്കുന്നത് എന്നതിനാലാണ് ഇത്.

ദില്ലി: എസ്എൻസി ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതി പരി​ഗണിച്ചേക്കും. കശ്മീ‌‌ർ കേസുകൾ പരി​ഗണിക്കുന്ന ഭരണഘടന ബെഞ്ചിലെ നടപടികൾ തീര്‍ന്നാലെ ലാവലിൻ കേസ് പരിഗണിക്കൂ. കേസ് പരിഗണിക്കുകയാണെങ്കിൽ സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറൽ തുഷാര്‍മേത്ത ഹാജരാകും. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ആയിരിക്കും ഹാജരാകുക.

ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ മൂന്നാം നമ്പര്‍ കോടതിയിലെ പരിഗണന പട്ടികയിൽ ആദ്യത്തെ കേസായാണ് എസ്എൻസി ലാവലിൻ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതേ കോടതിയിൽ ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് രാവിലെ പത്തര മണിമുതൽ ജമ്മുകശ്മീര്‍ ഹര്‍ജികളാകും ആദ്യം പരിഗണിക്കുക. കേസിൽ വിശദമായ വാദം കേൾക്കാൻ ഭരണഘടന ബെഞ്ച് തീരുമാനിക്കുകയാണെങ്കിൽ ലാവലിൻ കേസ് മറ്റേതെങ്കിലും ദിവസത്തേക്ക് മാറിപ്പോകും. 

ഭരണഘടന ബെഞ്ചിലെ നടപടികൾ വേഗത്തിൽ തീരുകയാണെങ്കിൽ ലാവലിൻ കേസ് പരിഗണിക്കും. 2017 ഓഗസ്റ്റ് 23ന് പിണറായി വിജയനെയും ഉദ്യോഗസ്ഥരമായ കെ മോഹന ചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെയും കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കി. ഇത് ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയിലെത്തിയത്. ഉദ്യോഗസ്ഥരായിരുന്ന കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു. അതിനെതിരെ ഈ ഉദ്യോഗസ്ഥര്‍ നൽകിയ ഹര്‍ജിയും സുപ്രീംകോടതിക്ക് മുമ്പിലുണ്ട്.

കേസിൽ സിബിഐക്ക് വേണ്ടി തുഷാര്‍മേത്ത എത്തുന്നു എന്നത് പ്രധാനമാണ്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട അഴിമതി കേസുകളിലെല്ലാം സിബിഐക്ക് വേണ്ടി ഇപ്പോൾ ഹാജരാകുന്നത് തുഷാര്‍മേത്തയാണ്. ചിദംബരം ഉൾപ്പെട്ട ഐഎൻഎക്സ് മീഡിയ കേസ്, ഡി കെ ശിവകുമാറിനെതിരായ ഇഡി കേസ്, നാഷണൽ ഹെറാൾഡ് കേസ്, റോബര്‍ട്ട് വധ്രക്കെതിരായ കേസ് തുടങ്ങി എല്ലാ പ്രധാന കേസുകളിലും തുഷാര്‍മേത്തയാണ് സിബിഐയുടെ അഭിഭാഷകൻ. ഇതുവരെ ഹാജരായിരുന്ന അഡീഷണൽ സോളിസിറ്റര്‍ ജനറൽ പിങ്കി ആനന്ദിനെ മാറ്റിയാണ് തുഷാര്‍ മേത്ത എത്തുന്നത്. 

കേസ് പരിഗണിക്കുകയാണെങ്കിൽ അന്തിമവാദം കേൾക്കൽ വേഗത്തിലാക്കണമെന്ന് സിബിഐ ആവശ്യപ്പെടും. ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പിന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്എൻസി ലാവലിൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ ക്രമക്കേട് നടന്നുവെന്നാണ് സിബിഐ കണ്ടെത്തൽ. കേസിൽ പിണറായി വിജയൻ ഉൾപ്പടെയുള്ളവര്‍ വിചാരണ നേരിടണോ വേണ്ടയോ എന്നതിലാകും സുപ്രീംകോടതി തീരുമാനം.

click me!