
ദില്ലി : ഭീകര സംഘടനകളെ തകർക്കുമെന്നും ചൈനീസ് അതിർത്തിയടക്കം രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിൽ വീട്ടുവീഴ്ച്ചയില്ലെന്നും കരസേന മേധാവി ജനറൽ മനോജ് പാണ്ഡേ. അതിർത്തിയിൽ ഏതു സാഹചര്യവും നേരിടാൻ സേന തയ്യാറാണെന്നും കരസേന ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ സേനാ മേധാവി വ്യക്തമാക്കി. 76 മത് കരസേന ദിനം പരേഡ് അടക്കം വിവിധ പരിപാടികളുമായി ലഖ്നൗവിൽ നടന്നു.
ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട വീര്യം വ്യക്തമാക്കുന്ന പരേഡ്. ഒപ്പം സേന ബാൻഡ് സംഘത്തിന്റെ സംഗീത വിരുന്ന്, കരസേന ബൈക്കർ സംഘത്തിന്റെ അഭ്യാസപ്രകടനങ്ങൾ, ലഖ്നൗവിലെ കാഴ്ച്ചക്കാർക്ക് ഇന്ത്യൻ കരസേന ഒരുക്കിയത് പുതിയ അനുഭവം.
ലഖ്നൗ ഗൂർഖ റൈഫിൾഡ് റെജിമെന്റൽ സെന്റർ പരേഡ് ഗ്രൗഡിൽ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ പരേഡിന് അഭിവാദ്യം സ്വീകരിച്ചു. ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് കരസേനാ ദിനാഘോഷം നടന്നത് മേജർ ജനറൽ സലിൽ സേതയുടെ നേതൃത്വത്തിലാണ് സൈനിക പരേഡ്. 50-ാമത് പാരച്യൂട്ട് ബ്രിഗേഡ്, സിഖ് ലൈറ്റ് ഇൻഫെൻട്രി, ജാട്ട് റെജിമെന്റ്, ഗർവാൾ റൈഫിൾസ്, ബംഗാൾ എഞ്ചിനീയർ ഗ്രൂപ്പ്, പാരാ എസ് എഫ് തുടങ്ങി വിവിധ സേനാ വിഭാഗ പ പരേഡിൽ പങ്കെടുത്തു. മികച്ച സേവനം കാഴ്ച്ചവെച്ച സേന അംഗങ്ങൾക്കുള്ള മെഡലുകളും ചടങ്ങിൽ വിതരണം ചെയ്തു.സംയുക്ത സൈനിക മേധാവിയടക്കം ആഘോഷ പരിപാടിയിൽ പങ്കെടുത്തു.