
ബെംഗളൂരു: രൂക്ഷമായ വായനാറ്റം കാരണം ബുദ്ധിമുട്ടുകയാണെന്ന് ആരോപിച്ച് മാതാവിനെ മകൻ വീട്ടിൽനിന്ന് ഇറക്കിവിട്ടു. സ്വകാര്യ കമ്പനിയിലെ തൊഴിലാളിയായ യുവാവാണ് വായനാറ്റമാണെന്ന് പറഞ്ഞ് 47-കാരി ശ്യാമളയെ വീട്ടിൽനിന്ന് ഇറക്കിവിട്ടത്. മകനും മരുമകൾക്കുമൊപ്പം ബെംഗളൂരിലെ ഭാരതിനഗറിലായിരുന്നു ശ്യാമളയുടെ താമസം.
ജനുവരിയിലാണ് സംഭവം. കഠിനമായ പല്ലുവേദനയാണ് ശ്യാമളയുടെ ജീവിതം മാറ്റിമറിച്ചത്. പല്ലുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ശ്യാമള ചികിത്സ തേടിയിരുന്നു. കേടായ പല്ലുകൾ പറിച്ചെടുത്തതിന് ശേഷം അണുബാധ ഉണ്ടാകുകയും പതിയെ മോണവീങ്ങുകയും ചെയ്തു. ഇതിന്റെ ഭാഗമായി ചെറിയ വായനാറ്റവും ശ്യാമളയ്ക്ക് അനുഭവപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ രൂക്ഷമായ വായനാറ്റമുണ്ടെന്ന് കാണിച്ച് മകൻ ശ്യാമളയോട് മോശമായി പെരുമാറാൻ തുടങ്ങി. വീട്ടിൽ വരുന്ന അതിഥികൾക്ക് മുന്നിൽവച്ച് ശ്യാമളയെ മകൻ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തു. പിന്നീട് വായനാറ്റം കാരണം താനും ഭാര്യയും ബുദ്ധിമുട്ടുകയാണെന്നും വീട് വിട്ട് പോകണമെന്നും മകൻ ശ്യാമളയോട് ആവശ്യപ്പെട്ടു.
വീട്ടിൽനിന്ന് പോകണമെന്ന് മകൻ ആവശ്യപ്പെട്ടതിനാൽ മറ്റൊരിടം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ ശ്യാമള സഹായത്തിനായി ബെംഗളൂരു സിറ്റി പൊലീസ് വനിതാ സഹായ നമ്പറിലേക്കും കൗൺസിലിങ്ങ് സെന്ററായ പരിഹാറിലേക്കും വിളിച്ചു. ശ്യാമളയുടെ പരാതി പ്രകാരം സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മകൻ വിസമ്മതിക്കുകയായിരുന്നുവെന്ന് കൗൺസിലിങ്ങ് സെന്റർ കോർഡിനേറ്ററായ റാണി ഷെട്ടി പറഞ്ഞു.
എന്നാൽ മകനൊപ്പം തിരിച്ച് വീട്ടിലേക്ക് പോകുന്നില്ലെന്ന് തീരുമാനിച്ച ശ്യാമളയെ അധികൃതർ സർക്കാർ വക വൃദ്ധസദനത്തിലാക്കി. വായനാറ്റം ആരോപിച്ച് ശ്യാമളയ്ക്കെതിരെ വൃദ്ധസദനത്തിലും പരാതി ഉയർന്നിരുന്നു. അധികൃതരുടെ നിർദ്ദേശപ്രകാരം മകനെതിരെ ശ്യാമള പൊലീസിൽ പരാതി നൽകി. തുടർന്ന് ശ്യാമളയെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ മകൻ എത്തിയെങ്കിലും കൂടെപോകാൻ ശ്യാമള തയ്യാറായില്ല. തന്റെ പെൻഷൻ തുകയ്ക്ക് വേണ്ടിയിട്ടാണ് മകൻ തന്നെ വീട്ടിലേക്ക് തിരികെ വിളിക്കുന്നതെന്നും അതിനാൽ മകനൊപ്പം തിരിച്ച് പോകാൻ ഒരുക്കമല്ലെന്നും ശ്യാമള പൊലീസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam