
നല്‍ഗൊണ്ട: മകന്റെ വിയോഗത്തില്‍ നെഞ്ചുപൊട്ടി വിതുമ്പുമ്പോഴും സന്തോഷിന്റെ മാതാപിതാക്കള്‍ പറഞ്ഞത് ഞങ്ങളുടെ മകന്‍ രാജ്യത്തിന്റെ അഭിമാനമാണെന്നാണ്. 'അവന്‍ ചെറുപ്പമായിരുന്നു, ഞങ്ങളുടെ ഏക മകനും. അവന്റെ മരണത്തില്‍ അടക്കാനാകാത്ത ദുഃഖമുണ്ട്. എങ്കിലും പിറന്ന നാടിന് വേണ്ടിയാണല്ലോ അവന്‍ ജീവന്‍ നല്‍കിയത് എന്നാലോചിക്കുമ്പോള്‍ അഭിമാനം തോന്നുന്നു'-ചൈനീസ് സൈനികരുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച കേണല്‍ ബിക്കമല്ല സന്തോഷ് കുമാറിന്റെ മാതാപിതാക്കളുടെ വാക്കുകളാണിത്. 'ചൊവ്വാഴ്ച വൈകുന്നേരം മരുമകള്‍ സന്തോഷിയാണ് എന്നെ വിവരം അറിയിച്ചത്. ഞാന്‍ തകര്‍ന്നുപോകുമെന്ന് അവള്‍ ഭയപ്പെട്ടിരുന്നു'- അമ്മ മഞ്ജുള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സന്തോഷും കുടുംബവും ദില്ലിയിലാണ് താമസം. അഭിഗ്ന(9), അനിരുദ്ധ(4) എന്നിവരാണ് സന്തോഷിന്റെ മക്കള്‍. ഈ മാസം മകന്‍ നാട്ടില്‍ വരുമെന്ന് ഉറപ്പ് നല്‍കിയതായി പിതാവ് ഉപേന്ദ്ര പറഞ്ഞു. 'ഹൈദരാബാദിലേക്ക് മകന് ട്രാന്‍സ്ഫര്‍ ലഭിച്ചിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം ജോയിന്‍ ചെയ്യാന്‍ പറ്റിയില്ല. ഉടന്‍ എത്തുമെന്ന് ഞങ്ങളെ അറിയിച്ചിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം അവനെ കാണുന്നതില്‍ ഞങ്ങളും സന്തോഷത്തിലായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് വളരെ ചെറുപ്പമായ മകനെ നഷ്ടപ്പെട്ടു. എന്നാല്‍ അവന്റെ മരണം ഞങ്ങളില്‍ അഭിമാനമുണ്ടാക്കുന്നു. ശത്രുക്കളോട് പോരാടി, സ്വന്തം രാജ്യത്തിന് വേണ്ടിയാണല്ലോ അവന്‍ ജീവന്‍ വെടിഞ്ഞത്. സൈനികനാകണമെന്നായിരുന്നു എന്റെ ആഗ്രഹം. എനിക്കതിന് സാധിച്ചില്ല. സ്വന്തം മകനിലൂടെയാണ് ഞാന്‍ സ്വന്തം ആഗ്രഹം നിറവേറ്റിയത്'. -ഉപേന്ദ്ര പറഞ്ഞു. റിട്ട. എസ്ബിഐ മാനേജരാണ് ഉപേന്ദ്ര.
കൊരുകൊണ്ട സൈനിക് സ്‌കൂളിലായിരുന്നു സന്തോഷിന്റെ വിദ്യാഭ്യാസം. 2004ല്‍ സൈന്യത്തില്‍ ചേര്‍ന്നു. കശ്മീരിലായിരുന്നു ആദ്യ പോസ്റ്റിംഗ്. മികച്ച സേവനത്തിലൂടെ വളരെ ചെറുപ്പത്തില്‍ തന്നെ കേണല്‍ പദവിയിലെത്തി. അരുണാചല്‍പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചു. ഡെല്‍ഹിയില്‍ താമസിക്കുന്ന സന്തോഷ് ബാബുവിന്റെ ഭാര്യയും രണ്ടുമക്കളും തെലങ്കാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് വിവരം. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും. ജന്മനാട്ടില്‍ സംസ്‌കാരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam