
ദില്ലി: നാല് പേര്‍ കൊല്ലപ്പെട്ട ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ സമര നേതാവ് സോനം വാങ് ചുക്ക് അറസ്റ്റില്‍. ദേശസുരക്ഷ നിയമ പ്രകാരമുള്ള അറസ്റ്റില്‍ കലാപത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതിനിടെ ലഡാക്കിലെ പ്രതിഷേധക്കാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നാളെ ചര്‍ച്ച നടത്തും. കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതിഷേധക്കാര്‍ക്കൊപ്പം സോനം വാങ് ചുക്ക് പ്രതികരിച്ചിരുന്നു.
പ്രസംഗങ്ങളിലൂടെ ജനങ്ങളെ കേന്ദ്രസര്‍ക്കാരിനെതിരെ തിരിച്ചു. അറബ് വസന്തവും നേപ്പാള്‍ കലാപവുമൊക്കെ പരാമര്‍ശിച്ച് യുവാക്കളെ കലാപകാരികളാക്കാന്‍ ശ്രമിച്ചു. സ്റ്റുഡന്‍റ് എജ്യുക്കേഷന്‍ ആന്‍റ് കള്‍ച്ചറല്‍ മൂവ്മെന്‍റ് എന്ന സ്വന്തം എന്‍ജിഒ വഴി വിദേശ സംഭാവന ചട്ടം ലംഘിച്ച് വന്‍ തോതില്‍ പണം കൈപ്പറ്റി, പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. ലഡാക്കിലെ സംഘര്‍ഷത്തിന് പിന്നാലെ മാഗ്സസെ പുരസ്ക്കാര ജേതാവുകൂടിയായ സമര നേതാവ് സോനം വാങ് ചുക്കിനെതിരെ ചുമത്തിയ കുറ്റങ്ങളാണിവ.
ഇന്ന് രണ്ട് മണിക്ക് മാധ്യമങ്ങളെ കാണാനിരിക്കേയാണ് ലഡാക്ക് ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം സോനം വാങ് ചുക്കിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. അറസ്റ്റുണ്ടായാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് വാങ് ചുക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശ സംഭാവന ചട്ടം ലംഘിച്ചതിന്‍റെ പേരില്‍ സോനം വാങ്ചുക്കിന്‍റെ സ്ഥാപനത്തിന്‍റെ എഫ് സി ആര്‍ ഐ ലേൈസന്‍സ് റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ് നടന്നിരിക്കുന്നത്.
എന്നാല്‍ വിദേശത്ത് നിന്ന് സംഭാവനകളൊന്നും സ്വീകരിച്ചിട്ടില്ലെന്നും താന്‍ നല്‍കിയ സേവനങ്ങള്‍ക്കുള്ള പ്രതിഫലമാണ് കൈപ്പറ്റിയതെന്നും ആദായ നികുതി അടച്ചിരുന്നുവെന്നും സോനം വാങ് ചുക്ക് പ്രതികരിച്ചിരുന്നു. അറസ്റ്റില്‍ കോണ്‍ഗ്രസ് പ്രതിഷേധമറിയിച്ചു. അതേസമയം ലഡാക്കില്‍ പ്രതിഷേധിച്ച സംഘടനകളുടെ പ്രതിനിധികളുമായി നാളെ ആഭ്യന്തരമന്ത്രാലയം ചര്‍ച്ച നടത്തും. ലഡാക്ക് അപക്സ് ബോഡി, കാര്‍ഗില്‍ ഡമോക്രാറ്റിക് അലയന്‍സ് എന്നീ സംഘനകളുടെ ആറ് പ്രതിനിധികളാണ് ചര്‍ച്ചക്കായി ദില്ലിയിലെത്തിയിരിക്കുന്നത്.സംസ്ഥാന പദവി, സ്വയംഭരണാവകാശം തുടങ്ങിയ വിഷയങ്ങളില്‍ സോനം വാങ്ചുക്കുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ താല്‍പര്യപ്പെട്ടിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam