
ബെംഗളൂരു: കടയിലെ സാരികൾ മോഷ്ടിച്ച സ്ത്രീയെ നടുറോഡിൽ തല്ലിച്ചതച്ച് കടയുടമ. 61 സാരികൾ അടങ്ങിയ കെട്ടുമായി സ്ത്രീ കടയിൽ നിന്നും കടന്നുകളഞ്ഞു എന്നാണ് ഉടമയുടെ പരാതി. എല്ലാത്തിനും കൂടി 90,000 രൂപയിലേറെ വിലയുണ്ടെന്നും കടയുടമ പറഞ്ഞു. സംഭവത്തിൽ കടയുടമയെയും സഹായിയെയും സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരുവിലെ അവന്യു റോഡിലുള്ള 'മായ സിൽക്ക് സാരീസ്' എന്ന കടയിലാണ് മോഷണം നടന്നത്. ഹുംപമ്മ എന്ന സ്ത്രീയാണ് ഒരു കെട്ട് സാരികൾ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഈ സംഭവം മുഴുവൻ കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കടയ്ക്കുള്ളിൽ നിൽക്കുന്ന സ്ത്രീ ഒരു കെട്ട് സാരികൾ എടുക്കുന്നത് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. അവർ തന്ത്രത്തിൽ കടയിൽ നിന്ന് സാരിയുമായി മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സെപ്തംബർ 20ന് ഉച്ചയ്ക്ക് 12.30നാണ് സംഭവം നടന്നത്. ഈ സംഭവത്തിൽ സിറ്റി മാർക്കറ്റ് പൊലീസ് കേസെടുത്തിരുന്നു.
അടുത്ത ദിവസം ഇതേ സ്ത്രീയെ കടയ്ക്ക് സമീപം കണ്ടതോടെ കട ഉടമയും സഹായിയും എത്തി പൊതിരെ തല്ലുകയായിരുന്നു. റോഡിലിട്ട് അടിക്കുകയും ചവിട്ടുകയും ചെയ്തു. ഞായറാഴ്ച പട്ടാപ്പകലായിരുന്നു ഇത്. ദൃക്സാക്ഷികൾ ഈ സംഭവം മുഴുവൻ അവരുടെ ഫോണുകളിൽ പകർത്തിയിരുന്നു. തുടർന്ന് കടയുടമയെയും സഹായിയും ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് വ്യത്യസ്ത കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിന് സ്ത്രീക്കെതിരെയും മർദനത്തിന് കടയുടമയ്ക്കും സഹായിക്കും എതിരെയും കേസെടുത്തെന്ന് പൊലീസ് പറഞ്ഞു. മൂവരെയും അറസ്റ്റ് ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.