മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കിയത് രാഹുലിന് ഭീഷണിയാവാതിരിക്കാനെന്ന് ഒബാമയുടെ പുസ്തകം

By Web TeamFirst Published Nov 18, 2020, 10:31 AM IST
Highlights

താന്‍ പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യന്‍ നേതാക്കളുമായുള്ള ഇടപെടലുകളും, ഇന്ത്യയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഒബാമയുടെ എ പ്രോമിസ് ലാന്‍റ് എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുന്നു.

ദില്ലി: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ഏറെ പ്രശംസിക്കുന്നതാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമയും എ പ്രോമിസ് ലാന്‍റ് എന്ന പുസ്തകം. ഇതില്‍ രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഇപ്പോള്‍ ഇതേ പുസ്തകത്തില്‍ ഒബാമയുടെ മറ്റൊരു നിരീക്ഷണവും വാര്‍ത്തകളില്‍ നിറയുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എന്തുകൊണ്ട് പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിംഗിനെ തിരഞ്ഞെടുത്തു എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ഒബാമ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്.

ഒന്നില്‍ കൂടുതല്‍ രാഷ്ട്രീയ നിരീക്ഷകര്‍‍ വിശ്വസിക്കുന്നു സോണിയ ഗാന്ധി പ്രത്യേകമായി ദേശീയ രാഷ്ട്രീയത്തില്‍ കാര്യമായ അടിത്തറയില്ലാത്ത ഈ മുതിര്‍ന്ന സിഖിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ അവര്‍ പ്രാപ്തനാക്കി കൊണ്ടുവരുന്ന മകന്‍ രാഹുലിന് ഭീഷണിയാകില്ല എന്നത് കൊണ്ടാണ് - ഒബാമയുടെ ബുക്കില്‍ പറയുന്നു.

താന്‍ പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യന്‍ നേതാക്കളുമായുള്ള ഇടപെടലുകളും, ഇന്ത്യയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഒബാമയുടെ എ പ്രോമിസ് ലാന്‍റ് എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുന്നു. ഒപ്പം ചെറുപ്പം മുതല്‍ രാമയണ, മഹാഭാരത കഥകള്‍ കേട്ടതും, ഇന്ത്യന്‍ ഭക്ഷണം ഉണ്ടാക്കിയതും, ബോളിവുഡ് സിനിമകള്‍‍ ആസ്വദിച്ചതും ഒബാമ പുസ്തകത്തില്‍ പറയുന്നു.

ഇന്തോനേഷ്യയില്‍ ചെലവിട്ട ബാല്യകാലത്ത് രാമായണവും മഹാഭാരതവും കേട്ടാണ് താന്‍ വളര്‍ന്നതെന്ന് ഒബാമ പുസ്തകത്തില്‍ പറയുന്നു. ലോകത്തിലെ ആറിലൊന്ന് ജനങ്ങളുള്ള ഇന്ത്യയിലെ വൈവിധ്യങ്ങള്‍ തന്‍റെ സ്വപ്നങ്ങളിലുണ്ടായിരുന്നു. രണ്ടായിരത്തോളം ഗോത്ര വര്‍ഗങ്ങളും എഴുനൂറിലധികം ഭാഷകളും സംസാരിക്കുന്ന വൈവിധ്യം തന്നെ ആകര്‍ഷിച്ചിരുന്നതായും ഒബാമ പറയുന്നു.

2010ല്‍ അമേരിക്കയുടെ പ്രസിഡന്‍റായ ശേഷമാണ് ആദ്യമായി ഇന്ത്യയിലെത്തുന്നതെങ്കില്‍ കൂടിയും ഇന്ത്യക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെക്കുറിച്ചും ഒബാമ പുസ്തകത്തില്‍ പറയുന്നുണ്ട്. കളങ്കമേല്‍ക്കാത്ത സത്യസന്ധതയുള്ള വ്യക്തിയാണ് മന്‍മോഹന്‍സിംഗെന്നാണ് ഒബാമയുടെ നിരീക്ഷണം. 

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുച്ചിന്‍, അന്നത്തെ പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്‌സ്, ജോ ബൈഡന്‍ എന്നിവരെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

ഒബാമയുടെ ഭരണകാലത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആയിരുന്നു രാഹുല്‍ ഗാന്ധി. ഡിസംബര്‍ 2017 ല്‍ ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രാഹുല്‍ അദ്ദേഹത്തെ കണ്ടിരുന്നു. 2015 ല്‍ ഒബാമയായിരുന്നു റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ അതിഥി. ഈ സന്ദര്‍ശനത്തിനിടെ മോദിക്കൊപ്പം മന്‍ കി ബാത്തിലും ഒബാമ പങ്കെടുത്തിരുന്നു.
 

click me!