
ന്യൂഡൽഹി: സോണിയ ഗാന്ധി കോൺഗ്രസ് സംയുക്ത പാർലമെന്‍ററി പാർട്ടി അധ്യക്ഷയായി തുടരും. പാർലമെന്‍റ് സെൻട്രൽ ഹാളിൽ ചേർന്ന യോഗത്തിൽ മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗാണ് സോണിയയുടെ പേര് സംയുക്ത പാർലമെന്‍ററി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. സോണിയ ഗാന്ധി ആകും ലോക്സഭാ കക്ഷി നേതാവിനേയും രാജ്യസഭാ കക്ഷി നേതാവിനേയും തീരുമാനിക്കുക.
കഴിഞ്ഞ തവണ ലോക്സഭാ കക്ഷി നേതാവായിരുന്ന മല്ലികാർജ്ജുന ഖാർഗെ ഇത്തവണ പരാജയപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി ലോക്സഭാ കക്ഷി നേതൃപദവിയിലേക്ക് വരണമെന്ന് കോൺഗ്രസ് എംപിമാർക്കിടയിൽ ആവശ്യമുണ്ട്. നിലവിൽ രാജ്യസഭാ കക്ഷി നേതാവ് ഗുലാം നബി ആസാദാണ്. അദ്ദേഹത്തെ തന്നെ സോണിയാ ഗാന്ധി വീണ്ടും നിർദ്ദേശിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഇരുസഭകളിലേയും ഉപനേതാക്കൾ, വിപ്പ് എന്നിവരെയെല്ലാം തെരഞ്ഞെടുക്കുന്നതും സോണിയാ ഗാന്ധി ആയിരിക്കും.
അൽപ്പസമയത്തിനകം സോണിയ ഗാന്ധി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. തൊഴിൽ നിയമത്തിൽ സമഗ്ര പരിഷ്കരണമടക്കം വരാനിരിക്കെ പതിനേഴാം സഭയുടെ ആദ്യ സമ്മേളനത്തിൽ എടുക്കേണ്ട നയസമീപനങ്ങൾ എന്തെല്ലാമാകണം എന്ന് പാർലമെന്‍ററി പാർട്ടി തീരുമാനിക്കും. സംയുക്ത പാർലമെന്‍ററി പാർട്ടി യോഗം ഇപ്പോഴും തുടരുകയാണ്.
കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് രാഹുൽ ഗാന്ധി ഒഴിയുന്നു എന്ന വാർത്തകൾക്കിടെയാണ് സോണിയ ഗാന്ധിയെ സംയുക്ത പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തത്. ഇതിനിടെ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും കാണാൻ കേരളത്തിൽ നിന്നുള്ള എംപിമാർ സമയം ചോദിച്ചിട്ടുണ്ട്. ഇരുവരേയും കാണാൻ അവസരം കിട്ടിയാൽ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെടാനാണ് കേരളത്തിൽ നിന്നുള്ള എംപിമാരുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam