രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തുടരണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍

By Web TeamFirst Published Jun 1, 2019, 11:15 AM IST
Highlights

ഞങ്ങളുടെ എല്ലാം അഭിപ്രായം രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തുടരണമെന്നാണ്. കേരളത്തിലെ ജനങ്ങളും പാര്‍ട്ടിപ്രവര്‍ത്തകരും അത് ആഗ്രഹിക്കുന്നുണ്ട് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹം. 

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് രാഹുല്‍ ഗാന്ധി തന്നെ തുടരണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയോഗത്തിനായി ദില്ലിയില്‍ എത്തിയ എംപിമാര്‍ ദില്ലി കേരളാ ഹൗസില്‍ വച്ച് മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും യുഡിഎഫ് നേതൃത്വത്തിനും രാഹുല്‍ നേതാവായി തുടരണം എന്നാണ് ആഗ്രഹമെന്നും ഇക്കാര്യം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ശക്തമായി ഉന്നയിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ കൂടിയായ ചാലക്കുടി എംപി ബെന്നി ബെഹ്ന്നാന്‍ പറഞ്ഞു. 

ഒരു പാര്‍ലമെന്‍റ് അംഗമായി ദില്ലിയിലേക്ക് വരുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെങ്കിലും പാര്‍ട്ടി വലിയൊരു പരാജയം നേരിടുന്ന ഘട്ടത്തിലാണ് ഞങ്ങളുടെ എംപി എന്ന നിലയിലുള്ള ആദ്യ വരവ് എന്നതില്‍ ദുഖമുണ്ട്. ഒരു തീരുമാനമെടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കുന്ന ആളാണ് രാഹുല്‍ ഗാന്ധി. പക്ഷേ അധ്യക്ഷ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിക്കാന്‍ കേരളത്തിലെ 15 കോണ്‍ഗ്രസ് എംപിമാരും ശ്രമിക്കും. രാഹുല്‍ സ്ഥാനമൊഴിഞ്ഞാല്‍ അത് രാജ്യം ഭരിക്കുന്നവര്‍ക്ക് ആശ്വസകരമായി മാറുന്ന അവസ്ഥയാവും ഉണ്ടാവുക - കാസര്‍ഗോഡ് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഞങ്ങളുടെ എല്ലാം അഭിപ്രായം രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തുടരണമെന്നാണ്. കേരളത്തിലെ ജനങ്ങളും പാര്‍ട്ടിപ്രവര്‍ത്തകരും അത് ആഗ്രഹിക്കുന്നുണ്ട് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹം.  കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും എംപിമാര്‍ക്കും യുഡിഎഫിനും ഈ അഭിപ്രായമാണുള്ളത്.  ദേശീയതലത്തിൽ സമൂലമായ അഴിച്ചു പണി വേണമോയെന്നു ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ബെന്നി ബെഹ്ന്നാന്‍ പറഞ്ഞു. 

ലോക്സഭാ കക്ഷിനേതാവ് സ്ഥാനത്തേക്ക് രാഹുല്‍ വരണമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ എംപിമാരില്‍ ചിലരും ഇതേവികാരം പങ്കുവയ്ക്കുന്നു. എന്നാല്‍ പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷയായി സോണിയയെ ഇന്നത്തെ യോഗം തെരഞ്ഞെടുക്കാനാണ് സാധ്യത. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന മുന്‍തീരുമാനത്തില്‍  രാഹുല്‍ ഗാന്ധി ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണം നടത്താന്‍ മുതിര്‍ന്ന നേതാക്കളില്‍ നിന്നും പിന്തുണ കിട്ടിയില്ലെന്ന വികാരം രാഹുലിനുണ്ട്.

click me!