
ഉദയ്പൂർ: മൂന്ന് ദിവസം നീണ്ട ചിന്തൻ ശിബിറിൽ ഉയർന്ന നിർദേശങ്ങൾ പാർട്ടിയിൽ നടപ്പാക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകുമെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന കോണ്ഗ്രസ് ചിന്തൻ ശിബറിൻ്റെ അവസാന സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്.
യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടു വരാനുള്ള ചിന്തൻ ശിബിറിലെ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിൽ തന്നെ പോലുള്ള മുതിർന്ന നേതാക്കളേയും പുതിയ നേതൃസമിതികളിലേക്ക് പരിഗണിക്കണമെന്ന് സോണിയ ഗാന്ധി തമാശ രൂപേണ പറഞ്ഞു.
വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ ചിന്തൻ ശിബിറിൽ ധാരണയായിട്ടുണ്ട്. പ്രവർത്തക സമിതിയുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക ഉപദേശകസമിതി വരും. മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തിയാവും ഉപദേശകസമിതി രൂപീകരിക്കുകയെന്നും അവർ വ്യക്തമാക്കി.
പാർട്ടി നേരിടുന്ന പ്രതിസന്ധികളെ നാം അതിജീവിക്കും എന്ന ഉറച്ച ബോധ്യത്തോടേയും വിശ്വാസത്തോടേയും പ്രതീക്ഷയോടെയുമാണ് ചിന്തൻ ശിബിർ പൂർത്തിയാക്കി നേതാക്കൾ ഇവിടെ നിന്നും മടങ്ങുന്നത്. ചിന്തൻ ശിബിറിൻ്റെ അവസാന ദിനത്തിൽ നേതാക്കളെയെല്ലാം ഒരുമിച്ചു കണ്ടപ്പോൾ കുടുംബത്തോടൊപ്പം ഒരു സായാഹ്നം ഒരുമിച്ച ചിലവിട്ട സന്തോഷമാണ് തോന്നുന്നത്. ഈ പുതിയ കൂട്ടായ്മ നൽകുന്ന നവോന്മേഷത്തോടെ നമ്മൾ വീണ്ടും ഊർജ്ജസ്വലരായി മുന്നോട്ട് പോകും.
ഈ വർഷം ഗാന്ധി ജയന്തി ദിനത്തിൽ (ഒക്ടോബർ 2) കാശ്മീർ മുതൽ കന്യാകുമാരി വരെ നീളുന്ന "ഭാരത് ജോഡോ യാത്രയ്ക്ക്' കോണ്ഗ്രസ് തുടക്കമിടും. രാജ്യത്തെ മുഴുവൻ കോണ്ഗ്രസ് നേതാക്കളും ഈ പരിപാടിയിൽ പങ്കെടുക്കും. ഇന്ത്യൻ പൊതുസമൂഹത്തിൽ രൂപപ്പെട്ട ആശങ്കകൾ പരിഹരിക്കാനും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുമുള്ള ആഹ്വാനമായി ഈ യാത്രമാറും.
"നമ്മളെല്ലാവരും ഇതിൽ പങ്കെടുക്കും. സമ്മർദ്ദത്തിലായിരിക്കുന്ന സാമൂഹിക സൗഹാർദ്ദത്തിന്റെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആക്രമിക്കപ്പെടുന്ന നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ആഹ്വാനം ചെയ്തു കൊണ്ടാവും ഈ യാത്ര. .
നേരത്തെ ആരംഭിച്ച ജില്ലാതല ജൻ ജാഗരൺ അഭിയാന്റെ രണ്ടാം ഘട്ടം ഒരു മാസത്തിന് ശേഷം ജൂൺ 15ന് പുനരാരംഭിക്കും. ഈ പ്രചാരണത്തിലൂടെ സാമ്പത്തിക പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടും, പ്രത്യേകിച്ച് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും നിത്യവരുമാനക്കാർക്ക് ഇരുട്ടടിയായ വിലക്കയറ്റവും.
മൂന്ന് ദിവസത്തെ ചിന്തൻ ശിബിറിൽ ഉയർന്നു വന്ന നിർദേശങ്ങൾ വളരെ വേഗത്തിൽ തന്നെ പാർട്ടിയിൽ നടപ്പിൽ വരുത്തും. രാജ്യത്തെ പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം ചേർന്നുള്ള ചർച്ചയിൽ ഉരുതിരിഞ്ഞ എല്ലാ തീരുമാനങ്ങളിലും നിർദേശങ്ങളിലും ശുപാർശകളിലും പാർട്ടി ചർച്ചയും നടപടികളും തുടരും. എല്ലാ തീരുമാനങ്ങളും പെട്ടെന്ന് തന്നെ നടപ്പാക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു.
സംസ്ഥാന-ദേശീയ തെരഞ്ഞെടുപ്പുകൾക്കുള്ള പ്രകടനപത്രികകൾ തയ്യാറാക്കുമ്പോൾ ഇനി കൂടുതൽ ശ്രദ്ധയും മുന്നൊരുക്കങ്ങളും ആവശ്യമാണ്. സംഘടനാ ഗ്രൂപ്പിന്റെ റിപ്പോർട്ടിനെക്കുറിച്ച് പ്രത്യേകം പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം അത് വളരെ പ്രസക്തമാണ്. അതിന്റെ ചില ആശയങ്ങൾ ഉദയ്പൂർ നവസങ്കൽപ് പ്രഖ്യാപനത്തിന്റെ ഭാഗമാണ്. അത് ഇപ്പോൾ അംഗീകരിച്ചു. ഗ്രൂപ്പിന്റെ വിശദമായ ശുപാർശകൾ വേഗത്തിൽ നടപ്പാക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു,"
ഉദയ്പൂർ പ്രഖ്യാപനങ്ങൾ നടപ്പിൽ വരുത്താനും അതിൽ ചർച്ചകൾ തുടരാനും പ്രത്യേക സമിതി രൂപീകരിക്കും. ഇതിൻ്റെ രൂപീകരണം അടുത്ത മൂന്ന് ദിവസത്തിലുണ്ടാകും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഈ പരിഷ്‌കാരങ്ങൾ സംഘടനയിൽ അടിമുടി മാറ്റത്തിന് വഴിതുറക്കും.