സോണിയ ​ഗാന്ധി വിദ്യാർത്ഥികൾക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്നു: നിർമ്മല സീതാരാമൻ

By Web TeamFirst Published Dec 17, 2019, 10:12 AM IST
Highlights

ജാമിയ മിലിയ ഇസ് ലാമിയ സര്‍വ്വകലാശാലയുടെ വിഷയത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ലക്ഷ്യമിട്ട് സോണിയ ഗാന്ധി മുതല കണ്ണീര്‍ ഒഴുക്കുകയാണെന്നായിരുന്നു നിര്‍മ്മല സീതാരാമന്റെ കുറ്റപ്പെടുത്തൽ.

ദില്ലി: മോദി സർക്കാർ സ്വന്തം ജനതയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന സോണിയ ​ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ജാമിയ മിലിയ ഇസ് ലാമിയ സർവ്വകലാശാലയിൽ പൊലീസ് നടത്തിയ അക്രമനടപടികളിൽ പ്രതികരിക്കുകയായിരുന്നു സോണിയ ​ഗാന്ധി. ജാമിയ മിലിയ ഇസ് ലാമിയ സര്‍വ്വകലാശാലയുടെ വിഷയത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ലക്ഷ്യമിട്ട് സോണിയ ഗാന്ധി മുതല കണ്ണീര്‍ ഒഴുക്കുകയാണെന്നായിരുന്നു നിര്‍മ്മല സീതാരാമന്റെ കുറ്റപ്പെടുത്തൽ.

കോൺ​ഗ്രസ് പാർട്ടി വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ പ്രതിരോധിച്ചിട്ടില്ലേ എന്നായിരുന്നു നിർമ്മല സീതാരാമന്റെ ചോദ്യം. ‌മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണ സമയത്തല്ലേ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ തിഹാര്‍ ജയിലില്‍ അടച്ചതെന്നും നിർമ്മല സീതാരാമൻ ചോദിച്ചു. അന്ന് പൊലീസ് സർവ്വകലാശാലയിൽ പ്രവേശിച്ച് വിദ്യാർത്ഥികളെ മർദ്ദിച്ചതിനെ തുടർന്ന് ഒരു അധ്യയന വർഷം മുഴുവൻ അടച്ചിടേണ്ടി വന്ന കാര്യവും ധനമന്ത്രി ഓർമ്മിപ്പിച്ചു. സര്‍ക്കാരിനെതിരെ സോണിയയുടെ പരാമര്‍ശങ്ങള്‍ നിരുത്തരവാദപരമായി പോയെന്ന് മന്ത്രി കുറ്റപ്പെടുത്തി. കൂടാതെ സിഖ് വിരുദ്ധ കലാപത്തിനെതിരെ കോണ്‍ഗ്രസ് സ്വീകരിച്ച നടപടിയെ കുറിച്ചും മന്ത്രി സൂചിപ്പിച്ചു.

സ്വന്തം ജനതയ്ക്ക് എതിരെയാണ് മോദി സർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്നായിരുന്നു സോണിയ ​ഗാന്ധിയുടെ വിമർശനം. 'ധ്രുവീകരണത്തിന്റെ തിരക്കഥ രചിച്ചവർ' എന്നാണ് പ്രധാനമന്ത്രി മോദിയെയും അമിത് ഷായെയും സോണിയ വിശേഷിപ്പിച്ചത്. എന്നാൽ സോണിയ ​ഗാന്ധിയുടെ മനുഷ്യാവകാശ സംരക്ഷണ നിലപാട് ചിലർക്ക് വേണ്ടി മാത്രമാണെന്നും നിന്ദ്യവും മനുഷ്യത്വരഹിതവുമായ രീതിയിൽ അടിച്ചമർ‌ത്തപ്പെട്ട ഹൈന്ദവ ബം​ഗാളികൾ  രാജ്യത്തെമ്പാടുമുള്ള ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്നും നിർമ്മല സീതാരാമൻ ചൂണ്ടിക്കാണിച്ചു. 

ഉത്തരവാദിത്വമുള്ള പ്രതിപക്ഷമെന്ന നിലയിൽ ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കാനും അക്രമത്തെ പ്രോത്സാഹിപ്പിക്കാതിരിക്കാനും എല്ലാവരോടും ആഹ്വാനം ചെയ്യേണ്ടത് കോൺ​ഗ്രസ് പ്രസിഡന്റ് സോണിയ ​ഗാന്ധിയാണെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു. 

click me!