
ദില്ലി: ചികിത്സക്കായി സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിദേശത്തേക്ക് തിരിച്ചതിനാല്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇരുവരും പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. സോണിയാ ഗാന്ധിയുടെ മെഡിക്കല്‍ പരിശോധനക്കായാണ് ഇരുവരും വിദേശത്തേക്ക് പോകുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധി മടങ്ങിയെത്തുകയും പ്രിയങ്ക സോണിയയുടെ അടുത്തേക്ക് തിരിക്കുകയും ചെയ്യും. തിരിച്ചെത്തിയ ശേഷം രാഹുല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കും. തിങ്കളാഴ്ചയാണ് മഴക്കാല പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത്.
ഇരുസഭകളിലും ഉന്നയിക്കേണ്ട വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തിയാണ് സോണിയാ ഗാന്ധി തിരിച്ചത്. മറ്റ് പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടിയാണ് സര്‍ക്കാറിനെ നേരിടുക. കൊവിഡ് വ്യാപനം, ജിഎസ്ടി, സാമ്പത്തിക തളര്‍ച്ച, ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും. ഇതിനായി മുതിര്‍ന്ന എംപിമാരെ നിയോഗിച്ചിട്ടുണ്ട്.
യാത്ര തിരിക്കുന്നതിന് മുമ്പ് സോണിയാഗാന്ധി പാര്‍ട്ടി സംഘടന തലത്തില്‍ അഴിച്ചു പണി നടത്തിയിരുന്നു. കത്തെഴുത്ത് വിവാദത്തിന് നേതൃത്വം നല്‍കിയ ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് നീക്കി. മോത്തിലാല്‍ വോറ, അംബികാ സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി.പി ചിദംബരം, താരിഖ് അന്‍വര്‍, രണ്‍ദീപ് സിംഗ് സുര്‍ജേവാല, ജിതേന്ദ്രസിംഗ് എന്നിവരെ വര്‍ക്കിംഗ് കമ്മിറ്റിയിലെ പതിവ് അംഗങ്ങളാക്കി. കര്‍ണാടക ചുമതലുള്ള ജനറല്‍ സെക്രട്ടറിയായി സുര്‍ജേവാലയെ തെരഞ്ഞെടുത്തു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കടുത്ത നിയന്ത്രണങ്ങളോടെയാണ് 14ന് പാര്‍ലമെന്റ് സമ്മേളനം തുടങ്ങുക. ഗ്യാലറികള്‍ ഉപയോഗിച്ച് സാമൂഹിക അകലം പാലിച്ചായിരിക്കും സമ്മേളനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam