
ലക്നൗ: ഇന്ത്യയിലെ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശിനെ 'ബനാനാ റിപ്പബ്ലിക്' എന്ന് പരിഹസിച്ച് മുന്‍ ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥ്. രാജ്യത്തെ നിയമങ്ങള്‍ ബാധകമല്ലാത്ത പ്രദേശങ്ങളെ പറയാന്‍ ഉപയോഗിക്കുന്ന പ്രയോഗമാണ് ബനാനാ റിപ്പബ്ലിക്.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അലിഗഡ് സര്‍വ്വകലാശാലയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ കണ്ണന്‍ ഗോപിനാഥിനെ കസ്റ്റഡിയിലെടുത്ത് 10 മണിക്കൂറിന് ശേഷമാണ് ഉത്തര്‍പ്രദേശ് പൊലീസ് വിട്ടയക്കുന്നത്. പൊലീസ് കണ്ണന്‍ ഗോപിനാഥിനെ ഉത്തർപ്രദേശ് അതിര്‍ത്തികടത്തിവിടുമെന്ന് അറിയിച്ചിരുന്നു. ഈ യാത്രക്കിടെയാണ് ഗോപിനാഥിന്‍റെ ട്വീറ്റ് പുറത്തുവന്നിരിക്കുന്നത്.
ജയില്‍ മോചിതനായെന്നും സ്വതന്ത്ര 'ബനാനാ റിപ്പബ്ലിക് ഓഫ് ഉത്തര്‍പ്രദേശി'ന്‍റെ അതിര്‍ത്തിവരെ ഇപ്പോള്‍ അകമ്പടിയുണ്ടെന്നുമാണ് ട്വീറ്റ്. അലിഗഡ് സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കണ്ണന്‍ ഗോപിനാഥിനെ യാത്രമാധ്യേ ആഗ്രയില്‍ വച്ചാണ് യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്.
അലിഗഡില്‍ പ്രവേശിക്കരുതെന്ന മജിസ്ട്രേറ്റ് ഉത്തരവ് നിലവിലുണ്ടായിരുന്നെങ്കിലും പരിപാടിയില്‍ പങ്കെടുക്കുമെന്ന് കണ്ണന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ആഗ്രയില്‍ വച്ച് കസ്റ്റഡിയിലെടുത്ത കണ്ണന്‍ ഗോപിനാഥിനെ പൊലീസ് പിന്നീട് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരുന്നു. അതു വരെയുള്ള വിവരങ്ങൾ കണ്ണൻ ഗോപിനാഥൻ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാൽ തുടർന്നുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല.
കഴിഞ്ഞ 13ന് മറൈന്‍ ഡ്രൈവില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കണ്ണനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തും സമൂഹമാധ്യമങ്ങളിലൂടെയും കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കണ്ണന്‍ ഗോപിനാഥന്‍ ഉന്നയിക്കുന്നത്.
കശ്മീര്‍ പുനഃസംഘടനയിലുള്ള പ്രതിഷേധ സൂചകമായാണ് ദാദ്രി നഗര്‍ ഹവേലി കളക്ടറായിരുന്ന കണ്ണന്‍ സിവില്‍ സര്‍വ്വീസില്‍ നിന്ന് രാജി വച്ചത്. രാജി സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക വീഴ്ചകള്‍ എണ്ണമിട്ട് കണ്ണന്‍ ഗോപിനാഥിന് കുറ്റപത്രം നല്‍കിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam