അനധികൃതമായി കിണർ കുഴിച്ച് 73 കോടിയുടെ ജലം മോഷ്ടിച്ചതായി കേസ്

By Web TeamFirst Published Oct 17, 2019, 9:07 AM IST
Highlights

ടാങ്കർ ഒന്നിന് 1200 രൂപ നിരക്കിൽ 6.1 ലക്ഷം ടാങ്കർ വെള്ളമാണ് പ്രതിവർഷം ഇവർ വിറ്റിരുന്നത്. 11 വർഷം കൊണ്ട് 73.19 കോടി രൂപയുടെ കിണർവെള്ളം മോഷ്ടിച്ചുവെന്ന് എഫ്ഐആറിൽ ആരോപിക്കുന്നു

മുംബൈ: അനധികൃതമായി കുഴിച്ച കിണറുകളിൽ നിന്ന് കഴിഞ്ഞ 11 വർഷമായി ജലം മോഷ്ടിച്ചതിന് മുംബൈയിലെ ആസാദ് മൈതാൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൽബദേവി പ്രദേശത്താണ് സംഭവം. മൂന്ന് വാട്ടർ ടാങ്കർ ഓപ്പറേറ്റർമാർക്കും കിണർ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമകൾക്കും നാല് പേർക്കെതിരെയാണ് കേസ്.

കഴിഞ്ഞ 11 വർഷമായി മോഷണം നടക്കുന്നുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ടാങ്കർ ഒന്നിന് 1200 രൂപ നിരക്കിൽ 6.1 ലക്ഷം ടാങ്കർ വെള്ളമാണ് പ്രതിവർഷം ഇവർ വിറ്റിരുന്നത്. 11 വർഷം കൊണ്ട് 73.19 കോടി രൂപയുടെ കിണർവെള്ളം മോഷ്ടിച്ചുവെന്ന് എഫ്ഐആറിൽ ആരോപിക്കുന്നു.

അനധികൃത വൈദ്യുതി കണക്ഷൻ ഉപയോഗിച്ച് അനധികൃതമായാണ് കിണർ കുഴിച്ചതെന്ന് വിവരാവകാശ പ്രവർത്തകനായ സുരേഷ് കുമാർ ധോക സമർപ്പിച്ച രേഖകളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് പ്രകാരം ഭൂഉടമകളായ തിരുപ്രസാദ് നാനാലാൽ പാണ്ഡ്യ, ഇദ്ദേഹത്തിന്റെ കമ്പനി ഡയറക്ടർമാരായ പ്രകാശ് പാണ്ഡ്യ, മനോജ് പാണ്ഡ്യ, ടാങ്കർ ഓപ്പറേറ്റർമാരായ അരുൺ മിശ്ര, ശ്രാവൺ മിശ്ര, ധീരജ് മിശ്ര എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഭൂഗർഭജല സ്രോതസ്സുകൾ സംരക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്യുന്ന, ആദ്യ ഭൂഗർഭജല മോഷണ കേസാണിത്. നേരത്തെ മുനിസിപ്പാലിറ്റി വിതരണം ചെയ്യുന്ന ജലം മോഷ്ടിച്ച കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഭൂഗർഭജല മോഷണം ഇതുവരെ കണ്ടെത്തിയിരുന്നില്ല.

click me!