
ഹസ്തിനപുർ: വോട്ടെണ്ണൽ കാത്തിരിക്കുന്ന യുപിയിലേക്കാണ് രാജ്യത്തിന്റെ മുഴുവൻ കണ്ണുകളും. അതിനിടെ രസകരമായ വാർത്തകളും അവിടെനിന്ന് പുറത്തുവരുന്നത്. ബൈനോക്കുലറിൽ (bynocular) ഇവിഎം (EVM) മുറി നിരീക്ഷിക്കുന്ന എസ്പി സ്ഥാനാർത്ഥിയുടെ (SP candidate) ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഹസ്‌തിനപുരിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി യോഗേഷ് വർമയാണ് വൈറലായത്. ഇവിഎം സ്‌ട്രോങ് റൂമിൽ നിന്ന് 500 മീറ്റർ അകലെ ജീപ്പിന് മുകളിൽ കയറി നിന്ന് ബൈനോക്കുലർ ഉപയോഗിച്ച് ഇവിഎം സൂക്ഷിച്ചിരിക്കുന്ന മുറി നിരീക്ഷിക്കുകയാണ് യോഗേഷ്. സംഭവത്തിന്റെ ചിത്രങ്ങൾ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുകയായിരുന്നു.
എന്നാൽ ഇതിനെല്ലാം പുറമെ കൂടുതൽ പേരെ നിരീക്ഷണത്തിനായി ഒരുക്കിയെന്നാണ് യോഗേഷ് വർമ്മ പറയുന്നത്. 'എട്ട് മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യുന്ന മറ്റ് മൂന്ന് പേരെയും പ്രദേശം നിരീക്ഷിക്കാൻ നിയോഗിച്ചിട്ടുണ്ട്' - യോഗേഷ് പറഞ്ഞു. തനിക്ക് സർക്കാരിൽ വിശ്വാസമില്ലെന്നും ഇവിഎമ്മുകളുടെ മാനേജ്‌മെന്റിനെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറയുന്നു. മീററ്റ് അഗ്രികൾച്ചർ യൂണിവേഴ്സിറ്റിക്ക് പുറത്തായിരുന്നു യോഗേഷ് അദ്ദേഹത്തിന്റെ ജീപ്പിലെത്തിയത്. അവിടെവച്ചാണ് മാർച്ച് 10-ന് സർധന, ഹസ്തിനപൂർ, സിവൽഖാസ് നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്നത്. ഇവിഎമ്മുകൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ദിവസത്തിൽ അഞ്ച് തവണ അവിടെ പോകുന്നുണ്ടെന്നും യോഗേഷ് പറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ നിർദേശപ്രകാരമാണ് താൻ ഇത് ചെയ്യുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. 'ഞങ്ങളുടെ ആളുകൾ സിസിടിവി ക്യാമറകളിൽ സ്‌ട്രോങ് റൂം വീക്ഷിക്കുന്നുണ്ടെങ്കിലും മുറിക്കുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് മാത്രമേ അവർക്ക് അറിയാൻ കഴിയൂ. ടെറസിൽ നിന്ന് ആരെങ്കിലും ഇവിഎമ്മുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ചാൽ, അത് ആദ്യം അറിയുന്നത് നമ്മളായിരിക്കും. സാങ്കേതികവിദ്യയുടെ കാലത്ത് എന്തും സാധ്യമാകുമെന്ന് കരുതി അത്തരത്തിലൊന്നും സംഭവിക്കാൻ അനുവദിക്കാനാവില്ല' അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം സെൽഫോണുകൾ ദുരുപയോഗം ഒഴിവാക്കാൻ നടപടി വേണമെന്ന ആവശ്യവും എസ്പിക്കുണ്ട്. മാർച്ച് 10 ന് വോട്ടെണ്ണൽ സൈറ്റുകൾക്ക് ചുറ്റും മൊബൈൽ ജാമറുകൾ സ്ഥാപിക്കണമെന്നാണ് എസ്പി സംസ്ഥാന പ്രസിഡന്റ് നരേഷ് ഉത്തം ആവശ്യപ്പെട്ടിരിക്കുന്നത്. യോഗേഷ് വർമ നേരത്തെ ബഹുജൻ സമാജ് പാർട്ടിയുടെ എംഎൽഎ ആയിരുന്നു. ഭാര്യ സുനിത വർമ മീററ്റിലെ മേയറും. ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം എസ്പിയിൽ ചേർന്നത്. ഹസ്തിനപുരിലെ ബിജെപിയുടെ സിറ്റിങ് എംഎൽഎ ദിനേഷ് ഖട്ടിക്കും കോൺഗ്രസ് സ്ഥാനാർത്ഥി അർച്ചന ഗൗതവുമാണ് ഇത്തവണ അദ്ദേഹത്തിന്റെ എതിരാളികൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam