
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ അധികാരത്തിലേറുമെന്ന് ഉറപ്പായതിന് പിന്നാലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച ഇദ്ദേഹത്തെ പാർട്ടിയിലെ ബഹുഭൂരിപക്ഷം എംഎൽഎമാരും കൈയ്യൊഴിഞ്ഞതായാണ് വിവരം. പാർട്ടിയിലെ വലിയ വിഭാഗം എംഎൽഎമാർ ഇന്ന് പാർട്ടി നേതാവ് സിവി ഷൺമുഖത്തിൻ്റെ വീട്ടിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ എഐഎഡിഎംകെ മുതിർന്ന നേതാവ് എസ്‌പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതായാണ് പുറത്തുവരുന്ന വിവരം. എഐഎഡിഎംകെയുടെ 30ലേറെ എംഎൽഎമാർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
നേരത്തെ ടിവികെ സർക്കാരിനെ പിന്തുണക്കാൻ പാർട്ടിയിലെ വലിയ വിഭാഗം ഇപിഎസിന് മുകളിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ഇപിഎസ് ഇതിനോട് യോജിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് പിന്നാലെ ടിവികെ നേതൃത്വം ആ പിന്തുണ വേണ്ടെന്നും നിലപാടെടുത്തു. എഐഎഡിഎംകെ പിന്തുണക്കാൻ തയ്യാറായിരുന്നെങ്കിൽ ടിവികെ സർക്കാർ അധികാരത്തിലെത്തുകയും അതിൽ എഐഎഡിഎംകെ അംഗങ്ങൾക്ക് മന്ത്രിമാരാകാൻ സാധിക്കുകയും ചെയ്തേനെ. തുടർച്ചയായി പത്ത് വർഷം അധികാരത്തിന് പുറത്തിരുന്നതും ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം പിന്നോട്ട് പോകുന്നതും എഐഎഡിഎംകെയെ കനത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാർട്ടിയിലെ വലിയ വിഭാഗം ഇപിഎസിനോട് ഇടഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം മറുവശത്ത് ഡിഎംകെ ചേരിയിൽ ഉറച്ചുനിന്നുകൊണ്ട് ഭരണ പ്രതിസന്ധി ഒഴിവാക്കാൻ വേണ്ടി മാത്രമെന്ന് വ്യക്തമാക്കി ഇടതുപാർട്ടികളും വിസികെയും മുസ്ലിം ലീഗും ടിവികെയ്ക്ക് കേവല ഭൂരിപക്ഷത്തിനുള്ള പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. സർക്കാരിനെ പുറത്തുനിന്ന് പിന്തുണക്കുമെന്നല്ലാതെ മന്ത്രിസഭയിൽ ഭാഗമാകാൻ ഇവർ തയ്യാറായിട്ടില്ല. അതേസമയം ഡിഎംകെ പിന്തുണയോടെ അഞ്ച് സീറ്റുകളിൽ ജയിച്ച കോൺഗ്രസ് മുന്നണി ബന്ധം അവസാനിപ്പിച്ച് ടിവികെയോടൊപ്പം സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുകയാണ്. കേവല ഭൂരിപക്ഷം ഉറപ്പാക്കിയതോടെ സംസ്ഥാനത്ത് വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 120 പേരുടെ പിന്തുണ ടിവികെയ്ക്ക് ഉണ്ട്. കോൺഗ്രസിൽ നിന്ന് രണ്ട് പേരും മറ്റുള്ളവർ ടിവികെയിൽ നിന്നും മന്ത്രിമാരായി അധികാരമേൽക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam