ഓഗസ്റ്റ് മൂന്നിനാണ് രാജമുണ്ട്രിയിലെ ഷോപ്പിങ് മാളിന് മുന്നിൽവെച്ച് പ്രിയങ്കയും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചത്. മദ്യലഹരിയിലായിരുന്ന രണ്ട് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. മദ്യലഹരിയിൽ മാളിലെ സിനിമാ തീയേറ്ററിലെത്തിയ ഇവർക്ക് സുരക്ഷാ ജീവനക്കാരൻ പ്രവേശനം നിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് ഇരുവരും സുരക്ഷാ ജീവനക്കാരനുമായി തർക്കമുണ്ടായി.
ഹൈദരാബാദ്: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു. രാജമുണ്ട്രിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പിജി വിദ്യാർഥിനിയായ ഡോ. കനിക പ്രിയങ്ക(29) ആണ് ഹൈദരാബാദിലെ ആശുപത്രിയിൽ മരിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രിയങ്കയുടെ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ നേരത്തേ അറിയിച്ചിരുന്നു.
ഓഗസ്റ്റ് മൂന്നിനാണ് രാജമുണ്ട്രിയിലെ ഷോപ്പിങ് മാളിന് മുന്നിൽവെച്ച് പ്രിയങ്കയും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചത്. മദ്യലഹരിയിലായിരുന്ന രണ്ട് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. മദ്യലഹരിയിൽ മാളിലെ സിനിമാ തീയേറ്ററിലെത്തിയ ഇവർക്ക് സുരക്ഷാ ജീവനക്കാരൻ പ്രവേശനം നിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് ഇരുവരും സുരക്ഷാ ജീവനക്കാരനുമായി തർക്കമുണ്ടായി. ഇതിനുപിന്നാലെ അശ്രദ്ധമായി കാറെടുത്ത് പോകുന്നതിനിടെയാണ് പ്രിയങ്കയും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചത്. സുരക്ഷാ ജീവനക്കാർ കാറിലുള്ളവരെ തടയാൻ ശ്രമിച്ചപ്പോൾ മുൻപിലുണ്ടായിരുന്ന സ്കൂട്ടർ ഇടിച്ചിട്ട് ഇവർ കടന്നുകളയുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ പ്രിയങ്കയെ ആദ്യം രാജമുണ്ട്രിയിലെ ആശുപത്രിയിലും പിന്നീട് ഹൈദരാബാദിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന സുരവാരപ്പു ദുഷ്യന്ത്, ആൻഡ്രൂ ജോസഫ് എഡ്വേർഡ്സ് എന്നിവർ രക്ഷപ്പെട്ടിരുന്നു. ഓഗസ്റ്റ് ആറിനാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ആന്ധ്രയിലെ മെഡിക്കൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രിയങ്കയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്. മകളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബത്തിലെ ആദ്യ ഡോക്ടറായിരുന്നു പ്രിയങ്കയെന്നും ബന്ധുക്കളും പറഞ്ഞു.


