
കൊൽക്കത്ത: പശ്ചിമബംഗാളിൽ ബുധനാഴ്ച നടക്കുന്ന നിർണ്ണായകമായ അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വ്യാപകമായ റെയ്ഡ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന പോലീസ് മേധാവിയുടെയും പ്രത്യേക നിർദ്ദേശപ്രകാരം 'സ്പെഷ്യൽ ബോംബ് ഡ്രൈവ്' ആണ് ആരംഭിച്ചിരിക്കുന്നത്. 24 പർഗനാസ്, മുർഷിദാബാദ്, ഭവാനിപ്പൂർ തുടങ്ങിയ പ്രശ്നബാധിത മേഖലകളിൽ വീടുകൾ അരിച്ചുപെറുക്കി പരിശോധിക്കാനാണ് സുരക്ഷാസേനയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
24 പർഗനാസിൽ നടത്തിയ പരിശോധനയിൽ ഒരു വീട്ടിൽ നിന്ന് മാത്രം നൂറിലേറെ നാടൻ ബോംബുകൾ പോലീസ് കണ്ടെടുത്തു. ഇത് ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെ വീടാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. സൗത്ത് 24 പർഗാനസിലെ മറ്റൊരു വീട്ടിൽ നിന്ന് 79 ബോംബുകളും സുരക്ഷാസേന പിടിച്ചെടുത്തു. ബോംബുകൾ കണ്ടെത്തുന്ന കേസുകൾ എല്ലാം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.
രണ്ടാംഘട്ട പോളിംഗ് നടക്കുന്ന 142 മണ്ഡലങ്ങളിലും കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. വിഐപി റാലികൾ നടക്കുന്ന ഇടങ്ങളിൽ സുരക്ഷാ വലയം ഇരട്ടിയാക്കി. വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള വോട്ടെടുപ്പായതിനാൽ ബിജെപി വലിയ പ്രതീക്ഷയിലാണ്. അതേസമയം തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ കരുത്ത് കാട്ടാനുള്ള ശ്രമത്തിലാണ് തൃണമൂൽ കോൺഗ്രസ്.
142 മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണം ഇന്ന് വൈകിട്ടോടെ അവസാനിക്കും. പ്രധാനമന്ത്രിയുടെ കൊൽക്കത്ത റോഡ് ഷോയിൽ സ്ത്രീകളുടെ വൻ പങ്കാളിത്തമാണ് ഉണ്ടായതെന്ന് ബിജെപി അവകാശപ്പെട്ടു. പ്രധാന നേതാക്കളുടെ അവസാനവട്ട റാലികളിലും റോഡ് ഷോകളിലും കേന്ദ്രസേനയുടെയും പോലീസിന്റെയും കനത്ത കാവലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam