
അമരാവതി എംപി നവ്നീത് റാണയ്ക്കും പിതാവിനുമെതിരെ ജാമ്യമില്ലാ വാറണ്ടിന് ഉത്തരവിട്ട് മുംബൈ കോടതി. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് തീരുമാനം. ജാമ്യമില്ലാ വാറണ്ട് ഉടന്‍ നടപ്പിലാക്കണമെന്ന് കോടതി മുംബൈ പൊലീസിന് നിര്‍ദ്ദേശം നല്‍കി. നവ്നീത് റാണയ്ക്കും പിതാവിനുമെതിരെ മുലുന്ദ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ ചമയ്ക്കല്‍ കേസിലാണ് കോടതിയുടെ ഉത്തരവ്. എംപിയും പിതാവും വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ചമച്ചുവെന്നാണ് കേസ്.
ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍ അടക്കമുള്ളവ പ്രകാരമാണ് നവ്നീത് റാണയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നവ്നീത് കൌര്‍ ഹര്‍ഭജന്‍ സിംഗ് കുന്ദേല്‍, ഹര്‍ഭജന്‍ സിംഗ് രാമസിംഗ് കുന്ദേല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കേസില്‍ നിന്ന് വിടുതല്‍ ആവശ്യപ്പെട്ടുള്ള നവ്നീത് റാണയുടെ ഹര്‍ജി കോടതി തള്ളിയിരുന്നു. രണ്ട് തവണ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യമില്ലാ വാറണ്ട് അനുസരിച്ചായിരുന്നു ഇത്. എന്നാല്‍ ഇരുവരും കോടതിയില്‍ ഹാജരായതോടെ ജാമ്യമില്ലാ വാറണ്ട് റദ്ദായിരുന്നു.
സെപ്തബറില്‍ വീണ്ടും ജാമ്യമില്ലാ വാറണ്ട് വന്നതോടെ ഇരുവരും മുംബൈ സെഷന്‍സ് കോടതിയില്‍ വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.നേരത്തെ മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ ഹനുമാൻ കീർത്തനങ്ങൾ ചൊല്ലി പ്രതിഷേധിക്കുമെന്ന് വെല്ലുവിളിച്ച കേസിൽ നവ്നീത് റാണയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാവെ റാണെ ദമ്പതിമാരുടെ മുംബൈയിലെ വസതിയില്‍ അനധികൃത നിര്‍മ്മാണം നടത്തിയെന്ന് നോട്ടീസ് അയച്ചിരുന്നു മുംബൈ കോർപറേഷൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam