
പൂനെ: ഉത്സവകാല ട്രെയിനുകൾ ആശ്വാസമായി കണ്ട യാത്രക്കാർക്ക് പറയാനുള്ളത് പരാതി പ്രളയം. പൂനെയിൽ നിന്ന് ഗൊരഖ്പൂരിലേക്ക് ദീപാവലി അടക്കമുള്ള ഉത്സവകാലം കണക്കിലെടുത്ത് റെയിൽവേ അനുവദിച്ച പ്രത്യേക ട്രെയിൻ വൈകിയോടുന്നത് 15 മണിക്കൂർ വരെയെന്ന് വ്യാപക പരാതി. രണ്ട് ദിവസമുള്ള യാത്ര 50 മണിക്കൂറിലേറെ നീളുന്നുവെന്ന പരാതിയാണ് യാത്രക്കാർ ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും യാത്രക്കാർ പങ്കുവയ്ക്കുന്നത്.
പൂനെ റെയിൽവേ ഡിവിഷനാണ് ഉത്സവകാലം കണക്കിലെടുത്ത് നിരവധി പ്രത്യേക ട്രെയിനുകൾ അനുവദിച്ചത്. ഒക്ടോബർ 21 മുതലാണ് സർവ്വീസുകൾ ആരംഭിച്ചത്. നവംബർ 20 ന് അവസാനിക്കുന്ന പ്രത്യേക ട്രെയിൻ സർവ്വീസുകളിൽ 01415/01416 ആയി പൂനെയ്ക്കും ഗൊരഖ്പൂരിനും ഇടയിലോടുന്ന ട്രെയിനാണ് 15 മണിക്കൂറോളം വൈകി ഓടുന്നത്. എന്നാൽ ഒരാഴ്ചയായി ഗൊരഖ്പൂരിൽ നിന്ന് 6 മണിക്കൂറിലേറെ വൈകിയാണ് ട്രെയിൻ പുറപ്പെടുന്നത്. ഈ കാലതാമസം പൂനെ എത്തുമ്പോഴേയ്ക്കും 15 മണിക്കൂറോളമായി കൂടുകയും ചെയ്യുന്നുവെന്നാണ് യാത്രക്കാർ ആരോപിക്കുന്നതെന്നാണ് വിവിധ യാത്രക്കാരെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
ദീപാവലി കഴിഞ്ഞ് പൂനെയിലെ ഓഫീസിൽ കൃത്യ സമയത്തെത്താൻ സ്പെഷ്യൽ ട്രെയിനിനെ ആശ്രയിച്ച ഐടി മേഖലയിലുള്ളവരാണ് പരാതിക്കാരിൽ ഏറെയും. വൈകുന്നേരം 5.30ന് സർവ്വീസ് ആരംഭിക്കേണ്ട ച്രെയിൻ പുറപ്പെട്ടത് രാത്രി 11 മണിയോടെയാണ്. വൈകി പുറപ്പെട്ടെങ്കിലും വ്യാഴാഴ്ച പുലർച്ചെ പൂനെയിൽ എത്തുമെന്ന് കരുതിയർ ലക്ഷ്യ സ്ഥാനത്ത് എത്തിയത് വൈകുന്നേരം 5.30 ത്തോടെയാണ്. ഗോരഖ്പൂരിലെ കാലതാമസം അടക്കം 50 മണിക്കൂറോളം നീണ്ട യാത്രയേക്കുറിച്ച് നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിൽ പരാതി ഉന്നയിക്കുന്നത്.
മൻമാഡ് സെക്ഷനിലുണ്ടായ കാലതാമസം മൂലമാണ് ട്രെയിൻ പൂനെയിൽ വൈകി എത്തിയതെന്നാണ് പൂനെ റെയിൽവേ ഡിവിഷൻ സീനിയർ ഡിവഷണൽ ഓപ്പറേഷണൽ മാനേജർ രാംദാസ് ഭിസേ ദി ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചത്. എന്നാൽ ട്രെയിൻ പൂനെയിൽ നിന്ന് കൃത്യസമയത്ത് ട്രെയിൻ തിരികെ പോയെന്നാണ് രാംദാസ് വിശദമാക്കുന്നത്. അവധി ആഘോഷിക്കാൻ പോയി മടങ്ങിവരാൻ പ്രത്യേക ട്രെയിൻ അനുവദിച്ചപ്പോൾ ഇത്തരമൊരു ചതി പ്രതീക്ഷിച്ചില്ലെന്നാണ് യാത്രക്കാർ പ്രതികരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam